വീടും തീരവും കടലെടുത്തു; വിഴിഞ്ഞം തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം. തുറമുഖ നിർമാണത്തിലൂടെ വീടും തീരവും 

കടലെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേ സമയം വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസത്തിനായി മുട്ടത്തറയിലെ പതിനേഴര ഏക്കർ വിട്ടുനൽകാൻ മന്ത്രിസഭ ഉപസമിതി യോഗത്തിൽ തീരുമാനമായി.

രാവിലെ പാളയം പള്ളിയിൽ കരിങ്കൊടി ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധ സമരം തുടങ്ങിയത്. 9.30 ഓടെ വിവിധ തീരപ്രദേശങ്ങളിൽ നിന്നു 

മത്സ്യത്തൊഴിലാളികൾ അദാനി പോർടിൻ്റെ മുഖ്യ കവാടത്തിലെത്തി. പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുറമുഖ നിർത്തിവെച്ച് ശാസ്ത്രീയ പ0നം നടത്തുക,  വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക് മിനിമം വേതനം നൽകുക തുടങ്ങിയ ഏഴിനം ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 

അതേ സമയം മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിൻ്റെ പതിനേഴരയേക്കർ സ്ഥലം പുനരധിവാസത്തിനു വിട്ടു നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. പകരം ഭൂമി മൃഗസംരക്ഷണ വകുപ്പിന് ഫിഷറീസ് വകുപ്പ് നൽകും. ചർച്ചയ്ക്ക തയ്യാറാകണമെന്നു തൊഴിലാളികളോട് സർക്കാർ ആവശ്യപ്പെട്ടു. സമരത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളെ അതാത് സ്ഥലത്ത് തടയാൻ ആദ്യം പൊലീസ് തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി. പ്രതിഷേധം അതിരു കടക്കാതെ തൊഴിലാളികളും സംയമനത്തോടെ പൊലീസും നിലകൊണ്ടതോടെ ഉപരോധം സമാധാനപരമായി. ഏഴിന ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം.