'എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടോ'?; കരയില്‍ മാത്രമല്ല കടലാഴങ്ങളിലും അരക്ഷിതർ ഇവർ

കരയില്‍ മാത്രമല്ല കടലാഴങ്ങളിലും അരക്ഷിതരാണ് മല്‍സ്യത്തൊഴിലാളികള്‍. ഒാഖി ദുരന്തത്തിന് പിന്നാലെ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ മിക്കതും നോക്കുകുത്തിയാണ്. കടലില്‍ അപകടത്തില്‍പെടുന്നവരുടെ മൃതദേഹം പോലും പലപ്പോഴും തിരിച്ചുകിട്ടാറില്ല.  

നടുക്കടലില്‍ പെട്ടുപ്പോയ മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്തതിലെ നിസഹായതയാണ് കണ്ണീരായി ഒഴുകുന്നത്. കോഴിക്കോട് ചാലിയത്ത് നിന്ന് പോയ വള്ളം മറിഞ്ഞ് അലി അസ്കറിനെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. 22 വയസായിരുന്നു അസ്കറിന്. അഞ്ച് വര്‍ഷമായി കുടുംബത്തിന്റെ പ്രാരാബ്ദം ഏറ്റെടുത്ത് കടലില്‍ പോകുന്നു. അസ്കറിനായി തിരിച്ചിലിനിറങ്ങാന്‍ ഏറെ വൈകിയെന്ന പരാതി കുടുംബവും നാട്ടുകാരും നേരത്തെ ഉന്നയിച്ചിരുന്നു. 

പലവിധ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉണ്ടായെങ്കിലും അത്യാഹിതമുണ്ടാകുമ്പോഴുള്ള രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ പോലും ഫലപ്രദമല്ല എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.  കോടികള്‍ മുടക്കി വാങ്ങിയ മറീന്‍ ആമ്പുലന്‍സുകൊണ്ട് കാര്യമില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണെന്നും പരാതിയുണ്ട്. ഓഖിക്ക് ശേഷം മല്‍സ്യത്തൊഴിലാളികള്‍ക്ക് കൊട്ടിഘോഷിച്ചു കൊടുത്ത ലൈഫ് ജാക്കറ്റുകള്‍ നടുക്കടലിലെ നോക്കുക്കുത്തിയാണ്.