കടലിൽ പോകുന്നതിന് വീണ്ടും വിലക്ക്; നിരാശയിൽ മത്സ്യത്തൊഴിലാളികൾ: പ്രതിസന്ധി

ട്രോളിങ് നിരോധനം ഇന്നലെ അവസാനിച്ചെങ്കിലും മഴമുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകുന്നതിന് വിലക്ക് വന്നതോടെ നിരാശയിലാണ് മത്സ്യത്തൊഴിലാളികൾ. ഇന്ന് കടലിൽ പോകാമെന്ന പ്രതീക്ഷയിൽ നിരവധി തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്.

52 ദിവസത്തെ ട്രോളിങ്ങ് നിരോധനത്തിന് ശേഷം കടലിൽ പോകാനുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതോടെ 5 ദിവസത്തേക്ക് കടലിൽ പോകരുതെന്ന മുന്നറിയിപ്പ് ലഭിച്ചു. ഇതോടെ തയ്യാറെടുപ്പുകൾ വെറുതേയായി. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറാക്കി വെച്ച ഐസും, ഭക്ഷണവുമെല്ലാം പാഴാവുമെന്ന് തൊഴിലാളികളും ബോട്ട് ഉടമകളും പറഞ്ഞു. വിലക്കിന്റെ കാലാവധി അവസാനിച്ചാലും അറിയിക്കാറില്ലെന്നാണ് ബോട്ടുടമകളുടെ പരാതി.

വിലക്ക് കേരളത്തിൽ മാത്രമാണെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകളെ തടയാൻ സംവിധാനമില്ലെന്നും ബോട്ടുടമകൾ പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയുംനാൾ കടലിൽ പോകാതിരുന്നതിന്റെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കില്ലെന്ന വിഷമത്തിലാണ് ബോട്ടുടമകളും തൊഴിലാളികളും.