ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ; രക്ഷയേകാത്ത നടപടിയെന്ന് കർഷകർ

നെല്‍കൃഷിക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷയെന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതായി കര്‍ഷകര്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശമുണ്ടാകുന്ന കര്‍ഷകരില്‍ ഭൂരിഭാഗത്തിനും യാതൊരു സഹായവും കിട്ടാത്ത സ്ഥിതിയെന്നാണ് വിമര്‍ശനം. കൃഷിവകുപ്പ് നേരിട്ട് നടപ്പാക്കിയിരുന്ന പല പദ്ധതികളുടെയും അപേക്ഷ ഓണ്‍ലൈനിലേക്ക് മാറിയതിലും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. 

നെല്‍കൃഷി തുടങ്ങി പതിനഞ്ച് മുതല്‍ നാല്‍പ്പത്തി അഞ്ച് വരെയുള്ള ദിവസങ്ങളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ ഓരോ കര്‍ഷകനും സ്വന്തംനിലയില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ പാടശേഖരസമിതി ഒന്നാകെ രജിസ്റ്റര്‍ ചെയ്യണമെന്നും സഹായം വ്യക്തിപരമായി നല്‍കാനാകില്ലെന്നതുമാണ് നിലവിലെ വ്യവസ്ഥ. മുഴുവന്‍ കര്‍ഷകര്‍ക്കും ഒരേ കാലയളവില്‍ വിള നഷ്ടപ്പെട്ടാല്‍ മാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന് ചുരുക്കം. പത്തുപേരടങ്ങുന്ന സമിതിയില്‍ ഒന്‍പതുപേര്‍ക്കും വ്യാപക നഷ്ടമുണ്ടാകുകയും ഒരാള്‍ക്ക് നല്ല വിള ലഭിച്ചാലും വിളനാശമുണ്ടായവര്‍ക്ക് സഹായം കിട്ടുക പ്രതിസന്ധിയെന്ന് കര്‍ഷകര്‍. 

കൃഷിവകുപ്പ് നേരിട്ട് നടത്തിയിരുന്ന പല സഹായ പദ്ധതികളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് നേടണമെന്ന നിബന്ധനയിലും കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്. കൃഷിവകുപ്പ് കര്‍ഷകരെ സഹായിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ക്രമക്കേടുകള്‍ തടയുന്നതിനും കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിഷ്കാരമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കുന്നു.