സ്വയം നിയന്ത്രിത ഇലക്ട്രിക് ബാർജുകൾ നിർമിച്ച് കൊച്ചി കപ്പൽശാല; ജലഗതാഗത രംഗത്ത് ഇതാദ്യം

ജലഗതാഗത രംഗത്ത് പുത്തൻ ആശയമായ സ്വയം നിയന്ത്രിത ഇലക്ട്രിക് ബാർജുകൾ നിർമിച്ച് കൊച്ചി കപ്പൽശാല. നോർവേയിലെ വൻ കിട സൂപ്പർമാർക്കറ്റ് ശൃംഖല അസ്കോ മാരിടൈമിനായി രണ്ട് ബാർജുകളാണ് കൊച്ചിയിൽ നിർമിച്ചത്. രണ്ട് വർഷം കൊണ്ട് 130 കോടി ചെലവിൽ നിർമിച്ച ബാർജുകൾ കമ്പനിക്ക് കൈമാറി. 

സ്വയം നിയന്ത്രിത ഇലക്ട്രിക് ബാർജുകളുടെ നിർമാണം ഇന്ത്യയിൽ ആദ്യമായാണ്.  ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി കപ്പൽശാലയ്ക്കും അഭിമാന നേട്ടം. 67 മീറ്റർ നീളമുള്ള ബാർജുകൾ പൂർണമായും വൈദ്യുതിയിലാണു പ്രവർത്തിക്കുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഊർജ കേന്ദ്രം, ഭാരം നിറച്ച 16 ട്രെയ്ലറുകൾ വഹിക്കാൻ ബാർജിന് കഴിയും. ഹരിത കപ്പൽ ഗതാഗത പദ്ധതിയുടെ ഭാഗമായാണു മലിനീകരണമില്ലാത്ത ഇലക്ട്രിക് ബാർജുകൾ നോർവേ വാങ്ങുന്നത്. 

ഒരു തവണ ചാർജ് ചെയ്താൽ നാല് മണിക്കൂർ ബാർജുകൾ പ്രവർത്തിക്കും. നോർവെ വരെ ഓടിച്ചു പോകുക പ്രയോഗികമല്ലാത്തതിനാൽ പ്രത്യേക കപ്പലെത്തിച്ചാണ് ബാർജുകൾ നോർവെയിലേക്ക് കൊണ്ടുപോകുന്നത്. നോർവെയിലെ ഒളിംപിക്സ് താരങ്ങളായ മാരിറ്റ്, തെരേസ് എന്നിവരുടെ പേരുകളാണ് ബാർജിന് നൽകുക. ബാർജുകൾ വഹിക്കുന്ന കപ്പൽ നോർവെയിൽ എത്താൻ ഒരു മാസമെടുക്കും.