മധു വധക്കേസ്; സാക്ഷി കൂറുമാറി; മൊഴികള്‍ നിരാകരിച്ചു

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധു വധക്കേസിൽ സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് മധുവിനെ ആക്രമിക്കുന്നത് കണ്ടെന്ന മൊഴി കോടതിയില്‍ നിഷേധിച്ചത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മധുവിന്റെ കുടുംബം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

കേസിലെ വിചാരണ തുടങ്ങിയ സാഹചര്യത്തിലാണ് പ്രധാന സാക്ഷികളിലൊരാളായ ഉണ്ണിക്കൃഷ്ണനെ കൂറുമാറിയതായി മണ്ണാർക്കാട് പട്ടിക ജാതി

പട്ടിക വർഗ ജില്ല സ്പെഷ്യൽ കോടതി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ വാദത്തെ സാക്ഷി അനുകൂലിച്ചില്ല. പൊലീസിന് നേരത്തെ നൽകിയതായി പ്രൊസിക്യൂഷൻ ഹാജരാക്കിയ പല മൊഴികളും സാക്ഷി നിരാകരിച്ചു. പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞെങ്കിലും ഇവർ കുറ്റകൃത്യം ചെയ്തു എന്ന കരണത്താലല്ല മറിച്ച് ചെറുപ്പം മുതലേ അറിയാവുന്നവരെന്നാണ് സാക്ഷി കോടതിയിൽ നൽകിയ മൊഴി. 

മജിസ്‌ട്രറ്റിനു മുന്‍പാകെ നൽകിയ രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ച പ്രതി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ പൊലീസ് സമർപ്പിച്ച സാക്ഷി മൊഴിയിലെ പല കാര്യങ്ങളും നിരാകരിക്കുകയും, ഓർമയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന തന്നെ പൊലീസ് കേസിൽ പ്രതി ചേർക്കുമോ എന്ന ഭയത്താലാണ് അന്ന് മൊഴി നൽകിയത്. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് മാത്രമല്ല ഒന്നാം പ്രതി ഹുസൈൻ കാലുയർത്തുന്നത് കണ്ടെങ്കിലും, ചവിട്ടുന്നത് കണ്ടില്ലെന്നും സാക്ഷി പറഞ്ഞു. 

കേസിൽ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ മൊഴിയിൽ ഹുസൈൻ മധുവിനെ നെഞ്ചത്ത് ചവിട്ടുന്നത് കണ്ടെന്നും മധുവിന്റെ ഇടതു തോളിൽ അമർത്തി പിടിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഉണ്ണികൃഷ്ണൻ മൊഴി നൽകിയതായാണ് പറയുന്നത്. എന്നാൽ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ കാലുയർത്തുന്നത് കണ്ടുവെങ്കിലും, ചവിട്ടുന്നത് കണ്ടതായി പറയുന്നുമില്ല. താൻ കാണുമ്പോൾ മധുവിന് പ്രത്യേകിച്ച് അവശതകളൊന്നുമുണ്ടായിരുന്നില്ലെന്നും, ഭക്ഷണം വേണമോ എന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിച്ചതായും സാക്ഷി കോടതിയിൽ പറഞ്ഞു. പ്രൊസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ച സി.സി.ടി.വി,മൊബൈൽ ദൃശ്യങ്ങളിൽ ചിലതെല്ലാം ഓർമയില്ലെന്നും, തിരിച്ചറിയാനാകുന്നില്ലെന്നും സാക്ഷി വിചാരണക്കിടെ പറഞ്ഞു. തുടർന്നാണ് കോടതി കൂറ് മാറ്റം പ്രഖ്യാപിച്ചത്.

കേസിൽ മറ്റു സാക്ഷികളുടെ വിചാരണ നാളെയും തുടരും. കേസിലെ പതിനൊന്ന് മുതൽ പതിനാറ് വരെ സാക്ഷികളായ ചന്ദ്രൻ, അനിൽകുമാർ, സുരേഷ്, ആനന്ദ്, മെഹറുന്നീസ, അബ്ദുൽ റസാഖ് എന്നിവരെ നാളെ വിചാരണ ചെയ്യും. ഇതിൽ 11,13 പ്രതികളുടെ വിചാരണ നീട്ടി വെക്കണമെന്ന പ്രൊസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല.