മധു വധക്കേസ്; അമ്മയുടേയും സഹോദരിഭർത്താവിന്റെയും വിചാരണ പൂർത്തിയായി

അട്ടപ്പാടി മധു വധക്കേസില്‍ അമ്മ മല്ലി, സഹോദരി ഭർത്താവ് മുരുകൻ എന്നിവരുടെ വിചാരണ പൂർത്തിയായി. മല്ലിയുടേതിന് സമാനമായ മൊഴിയായതിനാല്‍‌ മധുവിന്റെ സഹോദരി ചന്ദ്രികയെ വിചാരണ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. പ്രതിഭാഗത്തിന്റെ നിരന്തര ചോദ്യത്തിനിടയില്‍ പലപ്പോഴും മല്ലി സാക്ഷിക്കൂട്ടില്‍ വിതുമ്പുന്നുണ്ടായിരുന്നു. 

മധുവിനെ കൊന്നതെന്ന കാര്യം ഉറപ്പാണെന്നും കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ടുള്ള കൃത്യമായ അറിവുണ്ടെന്നും മല്ലി കോടതിയില്‍ പറഞ്ഞു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെ മല്ലി പലപ്പോഴും സാക്ഷിക്കൂട്ടില്‍ കരഞ്ഞു. പ്രതിഭാഗം അഭിഭാഷകരോട് സത്യം മാത്രമേ ചോദിക്കാവു എന്ന് പറഞ്ഞു കലഹിക്കുകയും ചെയ്തു. പൊലീസുകാർ കൊല്ലുകയില്ലെന്നും രക്ഷിക്കുകയാണ് ചെയ്യുകയെന്നും മല്ലി പറഞ്ഞു. സംഭവ ശേഷം പൊലീസ് കസ്റ്റഡിയിൽ മധുവിന് എന്തുണ്ടായെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി കൊടുത്തിരുന്നോ എന്ന് പ്രതിഭാഗം ആരാഞ്ഞു. പരാതി നൽകിയിരുന്നുവെന്നും എന്താണ് എഴുതിയതെന്ന് അറിയില്ലെന്നും മല്ലി പറഞ്ഞു. അമിത്ഷായെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതിനെന്താണ് കണ്ടാൽ എന്ന് മല്ലി തിരിച്ചു ചോദിച്ചു. മധുവിനെ പാലക്കാട് കോടതി മൂന്ന് മാസത്തേക്ക് ശിക്ഷിച്ച വിവരം അറിയാമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും മധു മാനസിക അസ്വസ്ഥതയുള്ളയാളായിരുന്നുവെന്നും വീട്ടിൽ കയറാതെ കാട്ടിൽ കഴിയാൻ തുടങ്ങിയെന്നും മല്ലി പറഞ്ഞു. മധു എവിടെ വെച്ചാണ് മരിച്ചതെന്ന് അറിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് തന്റെ വിഷമങ്ങളാണ് ചാനലുകളിൽ പറഞ്ഞതെന്നും മല്ലി വ്യക്തമാക്കി. പഴയ വാർത്തകൾ പ്രതിഭാഗം കാണിച്ചുവെങ്കിലും മല്ലി പ്രതികരിച്ചില്ല. 

മധുവിന് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും, ചികിത്സ നൽകിയിരുന്നുവെന്നും സഹോദരി ഭർത്താവ് മുരുകന്‍ കോടതിയിൽ പറഞ്ഞു. കാട്ടിൽ നിന്നും മധുവിനെ പിടിച്ചുകൊണ്ടുവന്ന് ഉപദ്രവിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് അറിഞ്ഞതായും മുരുകന്‍ വ്യക്തമാക്കി. മല്ലിയുടേതിന് സമാനമായ മൊഴിയെന്ന് കണ്ടാണ് മധുവിന്റെ സഹോദരി ചന്ദ്രികയെ വിസ്താരത്തില്‍ നിന്ന് ഒഴിവാക്കിയത്. 

attappadi madhu murder case