മഴ കനത്താല്‍ വെള്ളം മൂടുന്നത് പതിവ്; താവളം പാലത്തിന്റെ ഉയരം കൂട്ടണമെന്ന് നാട്ടുകാര്‍

അട്ടപ്പാടി താവളം മുള്ളി റോഡിലെ താവളം പാലം ഉയരം കൂട്ടണമെന്ന് നാട്ടുകാര്‍. മഴ കനത്താല്‍ വെള്ളം മൂടി ഇരുഭാഗത്തേക്കുമുള്ള യാത്ര മുടങ്ങുന്നതാണ് പതിവ്. റോഡ് പണി പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെയും ഉയരം കൂട്ടുമെന്ന് പഞ്ചായത്ത് അധ്യക്ഷ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. കാലവര്‍ഷം തുടങ്ങിയാല്‍പ്പിന്നെ പാലം വഴിയുള്ള യാത്ര പ്രതിസന്ധിയാണ്. പുഴ കരകവിയുന്നതിനാല്‍ ഏറെ ദൂരം അധികം സഞ്ചരിച്ചാണ് പലരും വീടുകളിലെത്തുന്നത്. നിലവില്‍ അട്ടപ്പാടി താവളം മുള്ളി റോഡിന്റെ നവീകരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാലം ഉയരത്തില്‍ പണിയാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

രോഗികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന പ്രധാന പാതയിലെ പാലം ഉയരത്തില്‍ പണിത് ഗതാഗതം മുടങ്ങാതെ നോക്കാന്‍ നടപടിയെടുക്കുമെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മൂന്ന് ദിവസം മുന്‍പും പാലം കവിഞ്ഞ് വെള്ളമൊഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. റോഡിന്റെ നിര്‍മാണം നടക്കുന്ന സാഹചര്യത്തില്‍ ഉയരം കൂട്ടുന്ന നടപടികള്‍ സാധ്യമാകുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.