മധു വധക്കേസ്; പ്രോസിക്യൂട്ടർമാർക്ക് ആനുകൂല്യങ്ങളും ഓഫീസുമില്ല; സർക്കാരിനെതിരെ കുടുംബം

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസ് വാദിക്കുന്ന പ്രോസിക്യൂട്ടർമാർക്ക് ആനുകൂല്യങ്ങളും ഓഫീസും അനുവദിക്കാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. രാഷ്ട്രീയമായും സാമ്പത്തികം നൽകിയും സാക്ഷികളെ കൂറുമാറ്റിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുണ്ട്. കൃത്യമായ തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മധുവിന്റെ സഹോദരി സരസു പാലക്കാട് പറഞ്ഞു.

പ്രധാന സാക്ഷികളുടെ വിചാരണ തുടങ്ങാനിരിക്കെയാണ് സാക്ഷികളിൽ ചിലർ കൂറുമാറാൻ ശ്രമിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികം നൽകിയും സ്വാധീനിക്കാൻ ശ്രമമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഗളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി പ്രതിസന്ധികൾക്ക് ശേഷമാണ് മധു കേസിന്റെ വാദത്തിനായി രണ്ട് പ്രോസിക്യൂട്ടർമാരെ സർക്കാർ നിയോഗിച്ചത്. ഇവർക്ക് ആനുകൂല്യങ്ങളോ ഓഫിസോ അനുവദിക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ഇത് കേസിനെ ദുർബലപ്പെടുത്തുമെന്നും സരസു പറഞ്ഞു.

2018 ഫെബ്രുവരി ഇരുപത്തി രണ്ടിനാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയിൽ മർദിച്ച് കൊലപ്പെടുത്തിയത്. 2019 ൽ വി.ടി.രഘുനാഥിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് അദ്ദേഹം പിൻവാങ്ങുകയായിരുന്നു. പിന്നാലെ കേസിന്റെ വിചാരണ ഇഴഞ്ഞു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് പുതിയ അഭിഭാഷകരെ ചുമതലപ്പെടുത്തിയത്.