വിവാഹത്തിനു ശേഷം ഷഹാന വീട്ടിലെത്തിയത് ഒരു തവണ; സംസാരത്തിനിടെ ഫോൺ കട്ടായി

ചീമേനി : എന്റെ കുഞ്ഞിനെ കൊന്നതാണ്. അവൾ ഒരിക്കലും മരിക്കില്ല. ചെമ്പ്രകാനത്തെ വീട്ടിലിരുന്നു നബീസ എന്ന 84 വയസുകാരി കരഞ്ഞു പറയുമ്പോൾ ആ സങ്കടക്കടലിനു മുന്നിൽ കുടുംബാംഗങ്ങൾക്കും പിടിച്ചുനിൽക്കാനാവുന്നില്ല. നബീസയുടെ പേര മകളാണ്, കോഴിക്കോട്ടെ ഭർത്താവിന്റെ വീട്ടിൽ മരിച്ച മോഡലും നടിയുമായ ഷഹാന. ഇന്നലെ അവളുടെ പിറന്നാളായിരുന്നു. പിറന്നാളിന് പോകണമെന്ന് ആഗ്രഹിച്ചിരുന്നു അതിനിടയിലാണ് അവൾ പോയത്. ഇത് എങ്ങനെ സഹിക്കും. മനസിൽ നിറഞ്ഞുനിൽക്കുന്ന വേദനയ്ക്കിടയിലും നബീസയ്ക്ക് ഷഹനയെക്കുറിച്ചു മാത്രമേ പറയാനുള്ളു.

ചട്ടഞ്ചാലിൽ താമസിക്കുന്ന വേളയിലാണ് അവളുടെ കല്യാണം കഴിഞ്ഞത്. പിന്നീട് വിരുന്നിന് വന്നപ്പോഴാണു കണ്ടത്. അതിനുശേഷം എന്റെ കുഞ്ഞിനെ ഞാൻ  കണ്ടിട്ടില്ല. ഇത്തരത്തിൽ ഓരോ വാക്കുകളും പറയുമ്പോഴും നബീസയുടെ കണ്ണീർ നിലച്ചിരുന്നില്ല. ചെറു പ്രായത്തിൽ തന്നെ ഫാഷൻ ഡിസൈനിങ്ങും പഠിച്ച് മിടുക്കിയായിരുന്ന ഷഹാനയെ കുടുംബക്കാർക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു. 

കാസർകോട് ച‍‍‍‍ട്ടഞ്ചാലിലായിരുന്ന ഷഹാനയുടെ കുടുംബം ഇപ്പോൾ ചീമേനി തിമിരി വലിയപൊയിലിലെ ഊച്ചിത്തിടിലിലാണു താമസം. 4മാസം മുൻപാണ് ഇവിടെ സ്ഥലം വാങ്ങി ചെറിയൊരു വീട് വച്ചത്. ഷഹാനയുടെ 2 സഹോദരങ്ങളും, മാതാവ് ഉമൈബയും, ഉമൈബയുടെ മാതാവുമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്. ഷഹനയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷവും 4 മാസവും ആയെങ്കിലും ഇതിനിടയിൽ ഒരു തവണ മാത്രമാണ് ഷഹാന ചട്ടഞ്ചാലിലെ കുടുംബവീട്ടിലെത്തിയതെന്നു മാതൃസഹോദരി പുത്രൻ ബി.കെ.അബ്ദുൽ റഹ്മാൻ പറഞ്ഞു. അത് ഒരു വർഷം മുൻപാണ്. 

സഹോദരനും ചെറുവത്തൂർ റിയൽ മാളിലെ ജീവനക്കാരനുമായ ബിലാലിനെ കഴിഞ്ഞദിവസം ഷഹാന വിളിച്ച് പിറന്നാൾ ദിനത്തിൽ ഉമ്മയടക്കം എല്ലാവരെയും കൂട്ടി വരണമെന്നു പറയുന്നതിനിടയിൽ ഫോൺ ബന്ധം നിലച്ച കാര്യവും അബ്ദുൽ റഹ്മാൻ പറഞ്ഞു. 

ഭർത്താവിന്റെ പീഡനം സഹോദരൻ ബിലാലിനോട് പറയാറുണ്ടെന്നും ഫോൺ സംഭാഷണം മുഴുമിപ്പിക്കാൻ പറ്റാത്ത കാര്യവും ബന്ധുക്കൾ പങ്കുവച്ചു. പിതാവ്: അൽത്താഫ്. മറ്റൊരു സഹോദരൻ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 10ാംതരം വിദ്യാർഥി നദീം. പോസ്റ്റ്മോർട്ടത്തിനു ശേഷം ഷഹനയുടെ മൃതദേഹം ചീമേനി മുഴക്കോം കുളപ്പുറം ജമാ അത്ത് പള്ളിയിൽ കബറടക്കി.