ഭർത്താവ് മരിച്ചിട്ട് 3 മാസം; ഏകമകളും പോയി; ഹൃദയംതകർന്ന് പ്രസന്ന: കണ്ണീർപ്പൂക്കൾ

പയ്യന്നൂർ: മനമുരുകി നാട് ദേവനന്ദയ്ക്ക് യാത്രാമൊഴിയേകി. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ദേവനന്ദയുടെ വിദ്യാലയമായ കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ വിങ്ങുന്ന മനസ്സുമായ സഹപാഠികൾ കൂട്ടത്തോടെയെത്തി കണ്ണീർ പൂക്കൾ അർപ്പിച്ചു.

പുഞ്ചിരിയോടെ ഒപ്പം ഓടിക്കളിച്ച ദേവനന്ദയുടെ വേർപാട് സഹപാഠികൾക്കും ഒപ്പം അധ്യാപകർക്കും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. അച്ഛന്റെ മരണത്തോടെ അമ്മയ്ക്കൊപ്പം അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയ ദേവനന്ദയുടെ ചലനമറ്റ ശരീരം പെരളത്തേക്ക് കൊണ്ടുവന്നപ്പോൾ ഒരു ഗ്രാമം മുഴുവൻ അവരുടെ പൊന്നോമനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.

കുട്ടികളുടെ സംഘടനയുടെ നേതാവായും ചുവപ്പ് വൊളന്റിയറായുമൊക്കെ നാടറിഞ്ഞ ദേവനന്ദയുടെ വേർപാട് അവൾ ജനിച്ചു വളർന്ന പെരളം ഗ്രാമത്തിനും ഉൾക്കൊള്ളാനായില്ല. അവിടെ നിന്നാണ് വെള്ളൂർ കൊഴുന്തുപടി ക്ഷേത്രത്തിനു സമീപത്തെ അമ്മയുടെ തറവാട്ടു വീട്ടിൽ മൃതദേഹം എത്തിച്ചത്. അലമുറയിട്ടു കരയുന്ന ബന്ധുക്കളെ സമാശ്വസിപ്പിക്കാൻ ജനപ്രതിനിധികൾ ഏറെ പ്രയാസപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി.ഐ.മധുസൂദനൻ എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ, നഗരസഭ അധ്യക്ഷ കെ.വി.ലളിത,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെയാളുകൾ ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

ഭർത്താവ് മരിച്ചിട്ട് 3 മാസം; ഏകമകളും പോയി, ഹൃദയംതകർന്ന് പ്രസന്ന

പഠിക്കാൻ മിടുക്കിയായ മകളെ ഉന്നതിയിലെത്തിക്കാനുള്ള എടച്ചേരി വലിയ വീട്ടിൽ പ്രസന്നയുടെ മോഹമാണു ഷവർമ വില്ലനായി വന്ന് തല്ലിക്കെടുത്തിയത്. ചന്ദ്രോത്ത് നാരായണന്റെയും പ്രസന്നയുടെയും ഏകമകളായിരുന്നു ദേവനന്ദ. അവളെ പഠിപ്പിച്ചു വലിയവളാക്കാൻ രണ്ടു പേരും ചേർന്നു പെരളത്ത് ചെറിയൊരു ഹോട്ടൽ നടത്തി വരികയായിരുന്നു. ആ സംതൃപ്ത കുടുംബത്തിൽ നിന്ന് ദേവനന്ദയുടെ അച്ഛനെ 3 മാസം മുൻപ് മരണം തട്ടിയെടുത്തു. ഭർത്താവിന്റെ വേർപാടിലെ ദുഃഖം കടിച്ചമർത്തി പ്രസന്ന മകളെയും കൂട്ടി ചെറുവത്തൂർ മട്‌ലായിയിലെ ചേച്ചിയുടെ വീട്ടിലേക്കു താമസം മാറ്റി.

മകളുടെ പഠനച്ചെലവ് കണ്ടെത്താൻ പ്രസന്ന വെള്ളൂരിലെ ഒരു ചെറിയ ഹോട്ടലിൽ ജോലിക്കു നിന്നു. മകളെ പയ്യന്നൂരിലെ സ്ഥാപനത്തിൽ ട്യൂഷനു ചേർത്തു. പയ്യന്നൂരിലേക്കുള്ള യാത്ര ഒഴിവാക്കാൻ 2 ദിവസം മുൻപായിരുന്നു ദേവനന്ദയെ ചെറുവത്തൂരിലെ സ്ഥാപനത്തിലേക്ക് മാറ്റിയത്. സുഹൃത്തുമൊത്ത് ഷവർമ കഴിച്ചപ്പോൾ ആദ്യ ദിവസം പ്രയാസമൊന്നുമുണ്ടായില്ല. രണ്ടാം ദിവസവും പതിവ് പോലെ അമ്മയുടെ സ്കൂട്ടറിനു പിറകിലിരുന്നാണു ദേവനന്ദ ട്യൂഷൻ സെന്ററിൽ എത്തിയത്.

അവിടെ എത്തിയപ്പോൾ ഒന്ന് ഛർദിച്ചു. അത് സാരമായി കണ്ടില്ല. വീണ്ടും ഛർദിച്ചപ്പോൾ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പന്തികേട് തോന്നിയ ഡോക്ടർ തന്നെ ദേവനന്ദയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചു. അമ്മയുടെ പ്രതീക്ഷയായ ഏക മകൾ അകന്നു പോകുന്നത് ആ അമ്മ കണ്ടിരിക്കേണ്ടി വന്നു. തളർന്നു പോയ ഈ മാതാവിന് തുണയാകാൻ ഇനി മകളുമില്ല.

മരണത്തിനു വരെ കാരണമാകുന്ന ഷിഗെല്ല

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക,പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക,രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്.

രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ 5 വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.

മുൻകരുതലുകൾ

∙ പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

∙ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

∙ ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

∙ വ്യക്തിശുചിത്വം പാലിക്കുക.

∙ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.

∙ കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.

∙ രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.

∙ പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

∙ ഭക്ഷണ പദാർഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.

∙  ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക

∙ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതായിരിക്കണം 

∙ ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക 

∙ വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.

∙ വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക 

∙ ശുചിമുറിയും കുളിമുറിയും അണുനശീകരണം നടത്തുക.

∙ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

∙ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

∙ പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

∙ രോഗ ലക്ഷണമുള്ളവർ ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.

∙ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക.