കേരളത്തിലെ ആദ്യ ഷവര്‍മ മരണം നടന്നിട്ട് 10 വര്‍ഷം; നീതികിട്ടിയിട്ടില്ലെന്ന് മരിച്ച യുവാവിന്‍റെ കുടുംബം

കേരളത്തിലെ ആദ്യ ഷവര്‍മ മരണത്തില്‍ 10 വര്‍ഷമായിട്ടും നീതികിട്ടിയിട്ടില്ലെന്ന് മരിച്ച യുവാവിന്‍റെ കുടുംബം. ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിന്‍ മാത്യുവാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ആ കേസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് സച്ചിന്‍റെ മാതാപിതാക്കള്‍ പറയുന്നു.

2012 ജൂലൈയിലാണ് 21 വയസുകാരനായ വിദ്യാര്‍ഥി സച്ചിന്‍ മാത്യുവിന്‍റെ മരണം. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് മുന്‍പാണ് വഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് മൂന്ന് ഷവര്‍മ റോള്‍ വാങ്ങിയത്. ബസില്‍ വച്ച് ഷവര്‍മ കഴിച്ചു. അടുത്ത ദിവസം ബെംഗളൂരുവിലെത്തിയ ശേഷമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതും മരിച്ചതും. അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഹോട്ടലുടമായ അബ്ദുല്‍ ഖാദറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സച്ചിന്‍റെ മരണത്തിന് ശേഷമെങ്കിലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ മറ്റൊരു മരണം ഉണ്ടാകില്ലായിരുന്നു.  വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്ന് ഹോട്ടലില്‍ ഷവര്‍മ പാകം ചെയ്തിരുന്നതെന്ന് കുടുംബം പറയുന്നു. കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.