വിദഗ്ധപരിശോധകരില്ലാതെ ഭക്ഷ്യസുരക്ഷാലാബ്: ഫലം ലഭിക്കാൻ വേണ്ടത് ആഴ്ചകൾ

ഭക്ഷ്യസുരക്ഷവിഭാഗം പരിശോധന ശക്തമാക്കുമ്പോഴും മലബാറിലെ അഞ്ചു ജില്ലകളിലേയും സാംപിള്‍ പരിശോധിക്കാന്‍ ആകെയുള്ളത് ഒരു മൈക്രോബയോളജിസ്റ്റ് മാത്രം. കാസര്‍കോട് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും കോഴിക്കോടും കാസര്‍കോടും ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും പരിശോധനഫലം കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കോഴിക്കോട് മലാപ്പറമ്പിലുള്ള ജനല്‍ അനലിറ്റിക്കല്‍ ലാബാണ് മലബാറിലെ ഏക പരിശോധന കേന്ദ്രം.     

കോഴിക്കോട് ജില്ലയില്‍ നിന്നുമാത്രം ഭക്ഷ്യസുരക്ഷാ വകുപ്പ് കഴി‍ഞ്ഞമാസം റീജനല്‍ അനലിറ്റിക്കല്‍ ലാബിലെത്തിച്ച സാംപിളുകളുടെ എണ്ണം 365 നു മുകളിലാണ്.  കാസര്‍കോട്ടെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍  പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. സാംപിള്‍ പരിശോധനയുടെ എണ്ണവും ഇതിനനുസരിച്ച് വര്‍ധിക്കും. സമാനമായ സാഹചര്യം തന്നെയാണ് മലബാറിലെ മറ്റ് ജില്ലകളിലും കോഴിക്കോട് ഉള്‍പ്പടെയുള്ള ഈ അഞ്ചുജില്ലകളിലേയും സാംപിളുകള്‍ പരിശോധനയ്ക്ക് എത്തിക്കുന്നത് ഈ ലാബിലേക്കാണ്. ഇവിടെ ഇതെല്ലാം പരിശോധിക്കാന്‍ ആകെയുള്ളത് ഒരു മൈക്രോബയോളജിസ്റ്റ് മാത്രം. ഇതിനുപുറമെ ഷിഗെല്ല ഉള്‍പ്പടെയുള്ള രോഗങ്ങള്‍ സ്ഥിരീകരിക്കാനുള്ള പരിശോധനയും ഈ മൈക്രോബയോളജിസ്റ്റ് തന്നെ ചെയ്യണം. കോഴിക്കോടു അത്തോളിയിലേയും കാസര്‍കോട്ടേയും ഷിഗെല്ല പരിശോധനക്കായി വെള്ളത്തിന്റെയും മറ്റും സാംപിള്‍  എത്തിച്ചിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ പരിശോധനാഫലം വൈകുന്നു.  രോഗവ്യാപനം തടയുന്നതിന് ഇത് പ്രതിസന്ധിയാകുന്നുണ്ട്.

ഒരു വര്‍ഷം ഏഴായിരത്തിനും ഒന്‍പതിനായിരത്തിനും ഇടയില്‍ സാംപിളുകള്‍ എത്തുന്നുണ്ട് ലാബില്‍ .എട്ടുവര്‍ഷമായി ഒരേ ഒരു ജീവനക്കാരിയാണ് ഇതെല്ലാം പരിശോധിക്കുന്നത്.