കണിക്കൊന്ന കിട്ടാനില്ല; മഴയുടെ ദുരിതപ്പെയ്ത്തും; വിഷുവിപണിയിൽ വ്യാപാരികളുടെ പരാതി

വിഷുവിനെ വരവേല്‍ക്കാനായി വിപണി ഒരുങ്ങുമ്പോഴും കണിക്കൊന്ന എവിടെയും കിട്ടാനില്ലെന്ന് വ്യാപാരികള്‍. തിരുവനന്തപുരം ജില്ലയിലടക്കം ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് കൊന്നപ്പൂ എത്തിക്കുന്നത്.തുടര്‍ച്ചയായ മഴയില്‍ പൂക്കള്‍ കൊഴിഞ്ഞതാണ് ക്ഷാമത്തിന് കാരണം.

കോവിഡൊഴിഞ്ഞ് കടകളിലേക്ക് ആളെത്തിതുടങ്ങിയെങ്കിലും വേനല്‍മഴയുടെ ദുരിപ്പെപ്പെയ്ത്തില്‍ കച്ചവടം മുങ്ങിയെന്ന പരാതിയാണ് വ്യാപാരികള്‍ക്ക്. മഴ നനഞ്ഞ് ചെളി നിറഞ്ഞ വഴിയില്‍ നടന്നാണ് പലരും കടകള്‍ കയറുന്നത്. പഴങ്ങള്‍ക്കും പൂക്കള്‍ക്കുമെല്ലാം ആവശ്യക്കാരേറുന്നുണ്ടെങ്കിലും മഴ കാരണം കടയിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.രണ്ട് മാസം മുന്നേ പൂത്ത കണിക്കൊന്ന മഴയില്‍ കൊഴിഞ്ഞ് വീണതോടെ കൊന്നപ്പൂകൂടി വെച്ച് കണിയൊരുക്കണമെങ്കില്‍ പാടുപെടും.ചെറിയ ഒരു പിടി പൂവിന് തന്നെ അമ്പത് രൂപ നല്‍കണം.

വിപണി കീഴടക്കാന്‍ പ്ലാസ്റ്റിക് കൊന്നപൂക്കള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാര്‍ നന്നേ കുറവ് . ഒറിജിനലിനെ വെല്ലാന്‍ പ്ലാസ്റ്റിക്കിന് കഴിയില്ലല്ലോയെന്നാണ് വ്യാപാരികളുടെയും പക്ഷം.നഗരത്തിന് പുറത്ത് കാട്ടാക്കട,നേമം, പാലോട് എന്നിവിടങ്ങളില്‍ നിന്നാണ് കൊന്നപ്പൂ എത്തിക്കുക. ‌വിഷു സ്പെഷ്യലായി കണിവെള്ളരിയും,ചക്കയും,മാങ്ങയുമൊക്കെ വിപണിയില്‍ എത്തിയിട്ടുണ്ട്.