ഒമിക്രോണ്‍ ഉപവകഭേദം കരുതിയിരിക്കണം; മാസ്ക് മാറ്റാറായില്ല

കോവിഡിന്‍റെ തീവ്രത കുറഞ്ഞെങ്കിലും കരുതല്‍ കൈവിടാറിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടുത്ത തരംഗങ്ങള്‍ ഉണ്ടായാലും തീവ്രത കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ മാരകമായതും വേഗത്തില്‍ പടരുന്നതുമായ ജനിതക മാറ്റങ്ങള്‍ വൈറസിന് ഉണ്ടാകാനാള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന ഒാര്‍മിപ്പിക്കുന്നു. വിദേശത്ത് പടരുന്ന ബിഎ2 വിനെതിരെ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചു. 

വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം ഉയര്‍ന്നുനില്‍ക്കുകയും ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പിന് പ്രാധാന്യമേറുന്നത്. നിലവില്‍ വിദേശത്ത് കോവിഡ് വ്യാപനത്തിന് കാരണമായത് ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ2 ആണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു

എന്താണ് ബി.എ.2?

മൂന്നാംതംരംഗത്തില്‍ വ്യാപകമായ ബി.എ വണ്ണിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് ബിഎ 2 എന്ന ഒമിക്രോണ്‍ ഉപവകഭേദം. രോഗം ഗുരുതരമാക്കാനുള്ള ശേഷിയില്‍ വ്യത്യാസമില്ല. ബി.എ വണും ബി.എ ടുവും തമ്മില്‍ രോഗലക്ഷണങ്ങളിലും കാര്യമായ മാറ്റമില്ല . അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് ഇൗ ജനിതകമാറ്റത്തെയാണ്. ഡെന്‍മാര്‍ക്കിലെ അടുത്തിടെയുണ്ടായ കോവിഡ് കേസുകളില്‍ 88 ശത്മാനവും ബിഎ2 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഒമിക്രോണ്‍ വ്യാപകമായതോടെ ആല്‍ഫ, ബിറ്റ, ഡെല്‍റ്റ തുടങ്ങിയ വകഭേദങ്ങള്‍ ലോകത്തുനിന്ന് മാങ്ങുതുടങ്ങിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എതാനും നാളുകള്‍കൊണ്ട് ബിഎ 2 കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.   വാക്സീന്‍ നല്‍കുന്ന പ്രതിരോധശേഷിയേയും സ്വഭാവിക പ്രതിരോധശേഷിയേയും കുറച്ചെങ്കിലും മറികടക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബിഎ വണ്‍ അതായത് കഴിഞ്ഞതരംഗത്തില്‍ വില്ലനായ ഒമിക്രോണ്‍...അത് വന്നുപോയവരില്‍ ഉപവകഭേദം കുറച്ചുനാളേയ്ക്കെങ്കിലും പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങളുണ്ട്. പക്ഷെ അത് എത്രനാളെന്ന് വ്യക്തമല്ല. 

ഇന്ത്യയില്‍ ബിഎ2 അടുത്ത തരംഗമുണ്ടാക്കില്ലെന്നും ചില വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ തരംഗത്തില്‍ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പടര്‍ന്നത് ബിഎ2 ആണെന്നും അതുകൊണ്ട് വീണ്ടുമൊരു തരംഗം ഇതൂമൂലമുണ്ടാകില്ലെന്നുമാണ് അവരുടെ വാദം. എന്തുതന്നെയായാലും മാസ്ക് അടക്കമുള്ള കരുതല്‍ തുടരുന്നതായിരിക്കും ഉചിതം എന്നതില്‍ സംശയമില്ല.