കണ്ണൂരിൽ കളിയാട്ടക്കാലം; തലമുറകളുടെ താളത്തിൽ തെയ്യക്കോലങ്ങൾ

കണ്ണൂരിന്റെ നാട്ടുവഴികളിൽ ഇപ്പോൾ കളിയാട്ടക്കാലമാണ്. കോവിഡ് കാലത്ത് വറുതിയിലാണ്ടുപോയ തെയ്യക്കോലങ്ങൾ കാവുകളിലും തറവാടുകളിലും  ഉറഞ്ഞുതുള്ളുന്നു. ഭഗവതിയും വീരനായ കണ്ടനാർ കേളനും തുടങ്ങി നൂറുകണക്കിന് തെയ്യങ്ങൾ ഉത്തരകേരളത്തിന്റെ അടയാളങ്ങൾ കൂടിയാണ്.

ചായംതേച്ച് ചിലമ്പ് കെട്ടിയാടുന്ന തെയ്യക്കോലങ്ങൾക്ക് തലമുറകളുടെ താളമുണ്ട്. മനുഷ്യ ജീവിത പരസരങ്ങൾ മുതൽ നവോത്ഥാന മുന്നേറ്റം വര നീളുന്ന കഥകളുണ്ട്. ആചാരവും പാരമ്പര്യവും ഇഴചേർന്ന ദൈവ രൂപങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും വാടുകളിലും നിറഞ്ഞാടുന്നു.തുലാം പത്തിന് തുടങ്ങി കണ്ണൂരിന്റെ രാത്രിയും പകലും കളിയാട്ടങ്ങൾ കൊണ്ട് സജീവമാണ്. കോവിഡ് കാലം അപഹരിച്ചതൊക്കെയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കലാകാരൻമാരും.അമ്മ ദൈവങ്ങളാണ് തെയ്യങ്ങളിലേറെയും. വീരൻമാരെയും തെയ്യങ്ങളായി ആരാധിക്കുന്നു. കാർഷിക വൃത്തിയുമായിബന്ധപ്പെട്ട പുരാവൃത്തമാണ് കണ്ടനാർ കേളന്റേത്. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടിയാടുന്നത്. തീപടർന്ന കൃഷിയിടത്തിൽ അഗ്നിക്കിരയായിട്ടും. ഉയർത്തെഴുന്നേറ്റ വീരനാണ് കണ്ടനാർ കേളൻ . വിറക് കത്തിച്ചുണ്ടാക്കിയ കനലിൽ തെങ്ങോലയിട്ട് തീ .കത്തിക്കുന്നു. കൃഷിയിടത്തിലെ തീയിൽ നിന്നും പുറത്തിറങ്ങുന്നത് കാണിക്കാൻ തെയ്യം ആളിക്കത്തുന്ന അഗ്നിയിലൂടെ കയറി ഇറങ്ങും.തൊഴുകൈയ്യോടെ നിന്നവരുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ശേഷമാണ് കണ്ടനാർ കേളന്റെ മടക്കം. മൂന്ന് മാസത്തെ കളിയാട്ടം കഴിഞ്ഞാൽ പിന്നെ വിശ്രമമാണ്. ഒപ്പം അടുത്ത തെയ്യക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും.