ന്യായവില ലഭിക്കുന്നില്ല; കിഴങ്ങുവർഗങ്ങളുടെ വിലക്കുറവിൽ പ്രതിസന്ധിയിലായി കർഷകർ

കിഴങ്ങുവര്‍ഗങ്ങളുടെ വിലക്കുറവ് കര്‍ഷകരെ വന്‍പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇഞ്ചിക്ക് അടക്കം ന്യായവില ഉറപ്പാക്കാന്‍ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പരാതി. കര്‍ണാടകയില്‍ ഉള്‍പ്പടെ വന്‍തോതില്‍ കൃഷിയിറക്കിയ വയനാട്ടിലെ കര്‍ഷകര്‍ കടക്കെണിയിലായി. കോവിഡ് ആരംഭിക്കുന്നതിന് മുന്‍പ് ഒരു ചാക്ക് ഇഞ്ചിക്ക് 2000 മുതല്‍ 2500 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ വില ആയിരത്തിന് താഴെയാണ്. നാല് വര്‍ഷം മുന്‍പ് എണ്ണായിരം രൂപ വരെ വന്ന ഉത്പന്നത്തിനാണ് ഇത്രയും വിലയിടിവ്. പണിക്കൂലി നല്‍കാന്‍ പോലും നിലവിലെ പ്രതിഫലം തികയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. 

ചേന, കാച്ചില്‍, ചേമ്പ് എന്നിവയുടെ അവസ്ഥയും വ്യത്യസ്തമല്ല. നേരത്തെ 1500 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ഒരു ചാക്ക് ചേനയ്ക്ക് നിലവില്‍ 650 രൂപയായി കുറഞ്ഞു. വാങ്ങിശേഖരിച്ച ഉത്പന്നങ്ങള്‍ കയറ്റിപോകാത്തതോടെ ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായി. ഹോട്ടികോര്‍പ്പ് അധികവില നല്‍കി കിഴങ്ങുവര്‍ഗങ്ങള്‍ സംഭരിക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പൊതുവിപണിയില്‍ ന്യായവില ഉറപ്പാക്കാന്‍ കാര്യക്ഷമമായ നടപടി ഇല്ലെന്നും പരാതിയുണ്ട്.