വിധി കേട്ട് പൊട്ടിക്കരഞ്ഞു; അഭിഭാഷകരെ കെട്ടിപ്പിടിച്ച് ബിഷപ് ഫ്രാങ്കോ

കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്വീകരിച്ചത്. സഹോദരൻ അടക്കമുള്ളവർക്കൊപ്പം ആയിരുന്നു ബിഷപ്പ് വിധി കേൾക്കുന്നതിന് കോടതിയിലേക്ക് എത്തിയത്. 

ജീവിതത്തിലെ ഏറ്റവും നിർണായക വിധിപ്രസ്താവം കേൾക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒമ്പതരയ്ക്ക് തന്നെ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് എത്തി. അടുത്ത ബന്ധുക്കൾക്കൊപ്പം കോടതി കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കോടതി മുറിയിലേക്ക്.

കോടതി മുറിയിലെ ബെഞ്ചിൽ പ്രാർത്ഥനയോടെ വിധിപ്രസ്താവനത്തിനുള്ള കാത്തിരിപ്പ്. വിധി എന്താകുമെന്ന ആശങ്ക മുഖത്ത് വ്യക്തം. കൃത്യം പതിനൊന്ന് മണിക്ക് വിചാരണക്കോടതി ജഡ്ജി ഗോപകുമാർ കോടതിയിലേക്ക് എത്തി.  പേര് വിളിച്ചതോടെ ബിഷപ്പ് ഫ്രാങ്കോ പ്രതിക്കൂട്ടിലേക്ക്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃത്യം 11.03ന് കോടതിയുടെ വിധിപ്രസ്താവം. ആദ്യം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും. പ്രതിയെ വെറുതെ വിട്ടിരിക്കുന്നു. ഫ്രാങ്കോയുടെ അഭിഭാഷകർ ആഹ്ലാദ ആരവങ്ങളോടെ വിധിയെ സ്വീകരിച്ചപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു പ്രോസിക്യൂഷൻ ബെഞ്ച്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ വിധിപ്രസ്താവം കേട്ടത്. പ്രതിക്കൂട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹം തന്റെ അഭിഭാഷകരെ ചേർത്തണച്ചു. ബന്ധുക്കളുടെ കരവലയത്തിൽ വാഹനത്തിലേക്ക്. പറയാൻ ഇത്ര മാത്രം