ദത്ത് വിവരങ്ങൾ തേടി പൊലിസ്; കേന്ദ്ര ദത്തെടുക്കല്‍ സമിതിക്ക് കത്ത്

തിരുവനന്തപുരത്തെ അനുപമയുടെ കുട്ടിയുടെ ദത്ത് വിവരങ്ങള്‍ തേടി പൊലീസ് കേന്ദ്ര ദത്തെടുക്കല്‍ സമിതിക്ക് കത്ത് നല്‍കി. ശിശുക്ഷേമ സമിതിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ് നടപടി. മൊഴികളിലും വിവരങ്ങളിലും പൊരുത്തക്കേട് കണ്ടതിനാല്‍ അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.

അനുപമയുടെ കുട്ടി എവിടെയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ നിയമതടസമുണ്ടെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ മറുപടി. കൂടുതല്‍ വിവരങ്ങളറിയാന്‍ ദത്തെടുക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ചു. അതിനേ തുടര്‍ന്നാണ് അനുപമയുടെ കുട്ടിയെ ശിശുക്ഷേമസമിതിയില്‍ എത്തിച്ചതായി പറയുന്ന 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ എത്ര കുട്ടിയെ ലഭിച്ചു, ആ കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ് തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് പേരൂര്‍ക്കട പൊലീസ് കത്ത് നല്‍കിയിരിക്കുന്നത്. കുട്ടിയെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി പറയുന്നുണ്ടങ്കിലും ഔദ്യോഗിക ഏജന്‍സികള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ മറുപടി ലഭിക്കുന്നത് അനുസരിച്ചായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുക. അതോടൊപ്പം പരാതി ലഭിച്ച് ആറ് മാസമായിട്ടും നടപടികളിലേക്ക് കടക്കാതിരുന്ന പൊലീസ്, സര്‍ക്കാരും സി.പി.എമ്മും അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അനുപമയുടെ അച്ഛനും സി.പി.എം നേതാവുമായ പി.എസ്. ജയചന്ദ്രനെയും ബന്ധുക്കളേയും ചോദ്യം ചെയ്യാനും തീരുമാനിച്ചു.

കേസെടുക്കുന്നതിന് മുന്‍പ് മൊഴിയെടുത്തപ്പോള്‍ അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് പറഞ്ഞ ജയചന്ദ്രന്‍ തെളിവായി സമ്മതപത്രവും ഹാജരാക്കിയിരുന്നു. തന്നെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് സമ്മതപത്രം തയാറാക്കിയതെന്ന് അനുപമ ആരോപിച്ചതോടെ മൊഴികളില്‍ ക്രമക്കേടിനും വ്യാജരേഖ ചമയ്ക്കലിനും തെളിവായി. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതും തട്ടിപ്പിന് തെളിവായും പൊലീസ് സംശയിക്കുന്നു.