കോവിഡ് അവലോകനയോഗം നാളെ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിശ്ചയിക്കാനുള്ള കോവിഡ് അവലോകനയോഗം നാളത്തേക്ക് മാറ്റി. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാന്‍ അനുവദിച്ചേക്കും. അതേസമയം മ്യൂസിയങ്ങള്‍ തുറന്നു. മൃഗശാലകളുടെ കാര്യത്തിലും തീരുമാനം ഉടനാകും.

നാല് മാസമായി മനുഷ്യരെത്താതെ അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു തിരുവനന്തപുരത്തെ ഏറ്റവും ജനകീയ ഇടമായ മ്യൂസിയം വളപ്പ്. ഇന്ന് നേരം പുലര്‍ന്നതോടെ അവിടെയും ആളനക്കമായി. ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം നഷ്ടമായ നാളുകള്‍ വീണ്ടെടുക്കുകയെന്ന ആവേശത്തോടെ ഒട്ടേറെപ്പേര്‍  അവിടേക്ക് നടന്നെത്തി.

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ തുറന്നതിന് പിന്നാലെ വരും ദിവസങ്ങളില്‍ അവശേഷിക്കുന്ന ഇളവുകളും അനുവദിച്ചേക്കും. ഏറ്റവും പ്രധാനം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയാകുമോയെന്നതാണ്. ബാറുടമകള്‍ മുഖ്യമന്ത്രിയേക്കണ്ട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ 80 ശതമാനത്തിന് മുകളിലായതിനാല്‍ 50 ശതമാനം സീറ്റുകളെന്ന മാനദണ്ഡത്തോടെ അനുവദിക്കാെമന്നാണ് സര്‍ക്കാരിന്റെയും ആലോചന. ഇത് പരിഗണിക്കാനിരുന്ന അവലോകനയോഗം നാളത്തേക്ക് മാറ്റി. അതേസമയം തീയറ്ററുകള്‍ അടഞ്ഞ് കിടക്കുന്നതാണ് സംസ്ഥാനത്ത് തുടരുന്ന പ്രധാന നിയന്ത്രണങ്ങളിലൊന്ന്. അക്കാര്യത്തില്‍ ഉടന്‍ തീരുമാനമായേക്കില്ല.