'ഒരു വർഷത്തിനകം ഒരുകോടി തെങ്ങിൻതൈകൾ നടും'; ആദ്യ തൈ നട്ട് സുരേഷ് ഗോപി

കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി. ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് തൃശൂര്‍ തിരുവില്വാമലയില്‍ തെങ്ങിന്‍തൈകള്‍ നട്ടു. 

ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്നതാണ് ലക്ഷ്യം. സാഹിത്യകാരന്‍ വി.കെ.എന്നിന്റെ തിരുവില്വാമലയിലെ വീട്ടുവളപ്പിലായിരുന്നു ആദ്യ തെങ്ങിന്‍തൈ നട്ടത്. വിവിധ വീടുകളില്‍ ചെന്ന് സുരേഷ് ഗോപി നേരിട്ട് തെങ്ങിന്‍ തൈ നട്ടു. തെങ്ങിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം അതതു വീട്ടുകാര്‍ക്കുതന്നെയാണെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു. തെങ്ങ് എങ്ങനെ പരിചരിക്കണമെന്ന് സിനിമാ സ്റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ ഉപദേശം. നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍ തൈകളുടെ പരിപാലം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ്ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.