ബാങ്ക് കോഴ വിവാദം; വയനാട് ജില്ലാ കോൺഗ്രസിൽ പൊട്ടിത്തെറി

ബത്തേരി അർബൻ ബാങ്ക് കോഴ വിവാദത്തിൽ വയനാട് ജില്ലാ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎമ്മുമായി ചേർന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയതായി ഡിസിസി ജനറൽ സെക്രട്ടറി ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിസംഗതയാണ് അഴിമതി ആവര്‍ത്തിക്കാന്‍ കാരണമെന്ന് അന്വേഷണ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ കെ.ഇ.വിനയന്‍ തുറന്നടിച്ചു. 

ബാങ്ക് നിയമനത്തിലെ കോഴ വിവാദത്തില്‍ വയനാട്ടിലെ കോൺഗ്രസിൽ പുകഞ്ഞ അമർഷം പരസ്യമായി പൊട്ടിത്തെറിച്ചു. പലവട്ടം ആരോപണവിധേയരായ നേതാക്കൾക്കെതിരെ നേതൃത്വം കണ്ണടച്ചതിനാലാണ് പാർട്ടി  പ്രതിക്കൂട്ടിലായതെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ.വിനയൻ കുറ്റപ്പെടുത്തി. താനുൾപ്പടെയുള്ള നേതാക്കൾക്കെതിരായ വ്യാജ കത്തിന് പിന്നിലും പാര്‍ട്ടിയിലെ അഴിമതിക്കാരാണെന്ന് സംശയിക്കുന്നു. ഇവരോടൊപ്പം ബത്തേരിയിലെ ഒരുവിഭാഗം സിപിഎം നേതാക്കളും നിയമനക്കോഴയ്ക്ക് പിന്നില്ലുണ്ടെന്ന് ഡിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വിനയന്‍ ആരോപിച്ചു. 

അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യാജ കത്തിന്റെ ഉറവിടം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകുമെന്നും വിനയൻ കൂട്ടിച്ചേര്‍ത്തു. വ്യാജ കത്തിന്റെ പേരില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെയും കെ.ഇ.വിനയനെതിരെയും സമരമാരംഭിച്ച സിപിഎം എന്തുകൊണ്ട് അര്‍ബന്‍ ബാങ്ക് ഭരണസമിതിക്കെതിരെ വിരലനക്കുന്നില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ ചോദ്യം.