ഓണത്തിന് 'ഒരു മുറം പച്ചക്കറി'; ആയിരം ഹെക്ടറിൽ കൃഷി; തിരക്കിലാണ് വീട്ടമ്മമാർ

കൊച്ചിക്കാര്‍ക്ക് ഒാണസദ്യക്കുള്ള പച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. എറണാകുളം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലായി ആയിരത്തോളം ഹെക്ടറിലാണ് ഒാണത്തിനായുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഒാണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ ഈ ഒാണക്കാലത്ത് ജില്ലയില്‍ നിന്ന് ലക്ഷ്യമിടുന്നത് 15,000 ടണ്‍ പച്ചക്കറിയാണ്.

കൊച്ചി നഗര ഹൃദയമായ വൈറ്റിലയിലെ അമ്പേലിപാടം റോഡിലുള്ള കൃഷിയിടമാണിത്. വീട്ടമ്മയായ വിമല കുര്യന്‍ മുഴുവന്‍ സമയ കൃഷിക്കാരിയുടെ റോളിലും. ഒാണത്തിന് സ്വന്തം വീട്ടിലും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലും സദ്യയൊരുക്കുന്നതിനുള്ള പച്ചക്കറികളാണ് ഈ 14 സെന്റ് ഭൂമിയില്‍ തയാറായി വരുന്നത്. ചേമ്പ്, ചേന, ഇഞ്ചി, പലതരം പച്ചമുളക്, വിവിധ ഇനം ചീര , പയര്‍, അമര, വെണ്ടയ്ക്ക ഇതെല്ലാമാണ് വിമല കുര്യന്റെ കൃഷിയിടത്തില്‍ തയാറാകുന്നത്. 

ഇത് കൊച്ചി നഗരത്തില്‍ നിന്ന് ഏറെ അകലെയുള്ള ആയവന ഗ്രാമം. ആയവനയിലെ വീട്ടമ്മ ആന്‍സി ബെന്നി  ഒാണസദ്യക്കായുള്ള  പച്ചക്കറി കൃഷിയുടെ തിരക്കിലാണ്. പയര്‍ വള്ളിയില്‍ പൂവിട്ടു തുടങ്ങി. തക്കാളി, വെണ്ട, വഴുതന, ചീര ഇവയെല്ലാം നട്ടുകൊണ്ടിരിക്കുന്നു.  നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് കൃഷിവകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന  ഒാണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് വീട്ടമ്മമാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. പുരയിടമില്ലാത്തവര്‍ ടെറസിലാണ് കൃഷി നടത്തുന്നതും. പദ്ധതിയുടെ ഭാഗമായി 20 ലക്ഷം പച്ചക്കറി തൈകളും, നാല് ലക്ഷം വിത്ത് പാക്കറ്റുകളുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.