'ആശയപരമായി ഒന്ന്, തടസങ്ങളില്ലെങ്കിൽ സഹകരിക്കാം'; റഹീമിനെ ക്ഷണിച്ച് ഐഎൻഎൽ

നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് മുന്‍ നേതാവും സി.പി.എം സ്വതന്ത്രനുമായ പി.ടി എ റഹീം എം.എല്‍.എ.യെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് െഎ.എന്‍.എല്‍ വിമതപക്ഷം. ആശയപരമായി ഒന്നാണെന്നും തടസങ്ങളില്ലെങ്കില്‍ റഹീമിന് പാര്‍ട്ടിയുമായി സഹകരിക്കാമെന്നും എ.പി അബ്ദുള്‍ വഹാബ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പിളരാനുണ്ടായ സാഹചര്യം നാളെ എല്‍.ഡി.എഫ് നേതാക്കളെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തും. അതേസമയം െഎ.എന്‍.എല്‍ ദേശീയ നേതൃത്വം ഇന്ന് കോഴിക്കോടെത്തും.  

2019ല്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് െഎ.എന്‍.എല്ലില്‍ ലയിച്ചെങ്കിലും പി.ടി.എ റഹീം മാത്രം മാറിനിന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് സി.പി.എം സ്വതന്ത്രനായി നിന്ന റഹീം  ജയിക്കുകയും ചെയ്തു. കാസീം പക്ഷത്തിന്റ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാന്‍ പഴയ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ കഴിഞ്ഞിടെ തീരുമാനിച്ചിരുന്നു. ഇത് റഹീമിന്റ പിന്തുണയോടെയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.ആ നേതാക്കളെല്ലാം ഇപ്പോള്‍ അബ്ദുള്‍ വഹാബിന്റ വിമതപക്ഷത്തിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് റഹീമിനെക്കൂടി ക്ഷണിക്കുന്നത്.             

പിളര്‍പ്പിന്റ കാരണങ്ങള്‍ എല്‍.ഡി.എഫ് നേതാക്കളെ ഫോണിലൂടെ അറിയിച്ചു. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താനാണ് അടുത്തദിവസം  തിരുവനന്തപുരത്തെത്തുന്നത്. എസ്.ഡി.പി.െഎയുമായും പോപ്പുലര്‍ ഫ്രണ്ടുമായും ബന്ധമുള്ള ദേശീയ പ്രസിഡന്റിന്റ അംഗീകാരം വേണ്ട. ഇടതുപക്ഷ നയങ്ങളുടെ ലംഘനമാണത്. ഇക്കാര്യത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലപാട് വ്യക്തമാക്കണം.