സിപിഎം മുന്നറിയിപ്പ് അവഗണിച്ച് ഐഎൻഎൽ; വിട്ടുവീഴ്ചയില്ലാതെ ഇരുവിഭാഗങ്ങളും

ആളെ നിശ്ചയിച്ചില്ലെങ്കില്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ തിരിച്ചെടുക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കിയിട്ടും െഎ.എന്‍.എല്ലില്‍ വിട്ടുവീഴ്ചക്ക് തയാറാകാതെ ഇരുപക്ഷങ്ങളും. പ്രസിഡന്റ് അബ്ദുള്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും പരസ്പരം പഴി ചാരുമ്പോള്‍ സമാന്തരയോഗം വിളിക്കാന്‍ ഒരുവിഭാഗം നീക്കം തുടങ്ങി. 

ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലെ അംഗങ്ങളെ നിശ്ചയിക്കാന്‍  അഖിലേന്ത്യാ പ്രസിഡന്റിന്റ അധ്യക്ഷതയില്‍ ഡിസംബറില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരി‍ഞ്ഞിരുന്നു. അതിനുശേഷം ഇതുവരെ ചര്‍ച്ചയേ നടന്നിട്ടില്ല. പ്രവര്‍ത്തക സമിതിയാണ് പട്ടികയ്ക്ക് അനുമതി നല്‍കേണ്ടതെന്നും പക്ഷെ സമിതിയെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ട് പ്രസിഡന്റ് അത് വിളിക്കുന്നില്ലെന്നുമാണ് കാസിം ഇരിക്കൂറിന്റ ആക്ഷേപം. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് പരിഹരിച്ചപ്പോള്‍ കാന്തപുരത്തിന്റ സാന്നിധ്യത്തില്‍ തയാറാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ ആദ്യം കാസിം ഇരിക്കൂര്‍ തയാറാകട്ടെയെന്നാണ് ഇക്കാര്യത്തില്‍ അബ്ദുള്‍ വഹാബിന്റ മറുപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വഹാബ് ഫെയ്സ് ബുക്ക് കുറിപ്പുമിട്ടിരുന്നു. 

പാര്‍ട്ടിക്ക് ലഭിച്ച ഏക ചെയര്‍മാന്‍ സ്ഥാനത്തേക്ക് വഹാബ് പക്ഷവും കാസിം പക്ഷവും വ്യത്യസ്ത പേരുകള്‍ മുന്നോട്ടുവച്ചതാണ് ആദ്യ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. അനുവദിച്ച  സമയത്തിനുള്ളില്‍ അംഗങ്ങളെ തീരുമാനിച്ചില്ലെങ്കില്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ സി.പി.എം നിര്‍ബന്ധിതരാകും. നേരത്തെ പാര്‍ട്ടിയില്‍ െഎക്യമുണ്ടാക്കാന്‍ മധ്യസ്ഥത വഹിച്ച കാന്തപുരത്തിന്റ സഹായം ഇക്കാര്യത്തിലും തേടണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. അതേസമയം  ഇനിയും യോഗം ചേരാന്‍ വൈകിയാല്‍ സമാന്തരയോഗം വിളിക്കാനാണ് ഒരു വിഭാഗത്തിന്റ നീക്കം. അബ്ദുള്‍ വഹാബിനെ അനുകൂലിക്കുന്നവരാണ് ഇതിന് പിന്നില്‍. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ അഞ്ച് ബോര്‍ഡംഗ സ്ഥാനവും െഎ.എന്‍.എല്ലിന് ലഭിച്ചിരുന്നു.