ഐഎന്‍എല്ലിലെ തമ്മില്‍ത്തല്ല് തീരുന്നില്ല; കാസീം ഇരിക്കൂര്‍ വിഭാഗത്തിന്‍റെ യോഗത്തില്‍ മന്ത്രി പങ്കെടുത്തു

സിപിഎം വിരട്ടിയിട്ടും ഐഎന്‍എല്ലിലെ തമ്മില്‍ത്തല്ല് തീരുന്നില്ല. കാസീം ഇരിക്കൂര്‍ വിഭാഗം പത്തനംതിട്ടയില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തു. ഒന്നിച്ചുപോയില്ലെങ്കില്‍ മുന്നണിയില്‍ ഉണ്ടാകില്ലെന്ന എല്‍ഡിഎഫിന്റ മുന്നറിയിപ്പ്  മറികടന്നാണ് മന്ത്രി ഉള്‍പ്പടെയുള്ളവരുടെ പോക്ക്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തമ്മിലടിച്ച് രണ്ടായെങ്കിലും ഏത് പക്ഷത്താണെന്ന് ഇതുവരെയും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരസ്യമാക്കിയിരുന്നില്ല. മാത്രമല്ല, തര്‍ക്കം തീര്‍ത്ത് ഒന്നിച്ചുപോകണമെന്ന് മന്ത്രിക്ക് സിപിഎം കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റ ഭാഗമായി കാന്തപുരം വിഭാഗം ഇരുകൂട്ടരേയും ഒന്നിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കാസിം പക്ഷത്തിന്റ വിമതയോഗം. എന്നാല്‍ ഇത് വിമതയോഗമല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. 

സമാന്തരയോഗങ്ങളില്‍ മന്ത്രി പങ്കെടുക്കുന്നത്, വഹാബ് വിഭാഗം  ഇടതുമുന്നണി നേതൃത്വത്തെ അറിയിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ മറികടന്ന് ഇരുകൂട്ടരും സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ അനുനയ ശ്രമങ്ങള്‍ എളുപ്പമാകില്ല.