93–ാം പിറന്നാള്‍ നിറവില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ; ആഘോഷം ലളിതം

യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്‍മദിനം. ചികില്‍സയെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് തീര്‍ത്തും ലളിതമാണ് പിറന്നാളാഘോഷം. 

സമരഭരിതമായ താപസജീവിതമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍റേത്. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്ന ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ. അഞ്ചലോട്ടക്കാരനായി തുടങ്ങിയതാണ് ഈ ജീവിതയാത്ര. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും, ഇടമുറിയാത്ത പ്രാര്‍ഥനയുമാണ്. പഠനകാലത്ത് ക്ലാസ് മുറിയില്‍ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യം മുഴക്കിയ അതേ പോരാട്ടവീര്യം തന്നെയാണ് ഈ തൊണ്ണൂറ്റി രണ്ടാം വയസിലും അദ്ദേഹത്തെ നയിക്കുന്നത്. സഹനവും സത്യാഗ്രഹവും പ്രാര്‍ഥനയുമാണ് ശ്രേഷ്ഠ കാതോലിക്കയുടെയും സമരമാര്‍ഗങ്ങള്‍. 

അന്ത്യോക്യാ മലങ്കര ബന്ധമെന്ന വിശ്വാസത്തില്‍ കടുകിട പിന്നോട്ടില്ലാത്ത അദ്ദേഹത്തിന് കാലം കരുതിവച്ച നിയോഗമായിരുന്നു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ പാത്രിയാര്‍ക്കീസ് ബാവയായി വാഴിക്കുകയെന്നത്. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടിയിലെ ചെറുവള്ളി കുടുംബത്തിലായിരുന്നു ബാവയുടെ ജനനം. 1958ല്‍ മഞ്ഞനിക്കര പള്ളിയില്‍ വൈദികനായി അഭിഷിക്തനായ സിഎം തോമസ് 1974ല്‍ മാര്‍ ഡയോനീഷ്യസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി. 2002 ജൂലൈ 26നാണ് അദ്ദേഹത്തെ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി ഉയര്‍ത്തിയത്.