നൂറിന്റെ നിറവിൽ എൻ ശങ്കരയ്യ; ആശംസകൾ നേർന്ന് നേതാക്കൾ

സിപിഎമ്മിന്റെ പിറവിക്കു കാരണക്കാരിലൊരാളായ വിപ്ലവ വീര്യം എൻ.ശങ്കരയ്യക്ക് ഇന്ന് 100 വയസ്സ്. 57 വർഷങ്ങൾക്കു മുൻപ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നു സിപിഎമ്മിനു രൂപം നൽകിയവരിൽ ശങ്കരയ്യയും വി.എസ്.അച്യുതാനന്ദനും മാത്രമാണ്  ഇപ്പോൾ ജീവിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി അടക്കമുള്ള മുതിര്‍ന്ന  നേതാക്കള്‍ പങ്കെടുക്കും.

നൂറിന്റെ നിറവിലാണു സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന സഖാവ് എന്‍.ശങ്കരയ്യ.സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കൊരുത്ത് വിപ്ലവ ചെങ്കൊടിയുടെ തണലിലേക്കെത്തിയതാണു ശങ്കരയ്യയുടെ ജീവിതം.1941ല്‍ മധുര അമേരിക്കന്‍ കോളജിലെ തീപ്പൊരി നേതാവായാണു തുടക്കം.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു.എട്ടുവര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേന്നാണു പിന്നീട് ജയിലിനു പുറത്തിറങ്ങിയത്.1964 ലെ കൊല്‍ക്കത്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു‍.1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. അൽപ കാലം മുൻപു വരെ പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും സജീവമായിരുന്നു. ആദര്‍ശത്തിലും നിലപാടിലും അണുകിട വ്യതിചലിക്കാത്ത സഖാവിന്റെ പ്രസംഗങ്ങള്‍ വാളുപോലെ മൂര്‍ച്ചയുള്ളതാണ്.

ശങ്കരയ്യയുടെ 100–ാം പിറന്നാൾ സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷിക്കണമെന്നും അദ്ദേഹത്തിന് അർഹമായ ആദരം നൽകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.നടന്‍ കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ തലമുതിര്‍ന്ന സഖാവിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.