കമറുദ്ദീൻ പണം തിരികെ നൽകാൻ മുൻകൈയെടുക്കുന്നില്ല; മുഖ്യമന്ത്രിയെ കാണാൻ പരാതിക്കാർ

ഫാഷ‍ന്‍ ഗോള്‍ഡ് കേസ് അന്വേഷണം നിലച്ചതായി ആരോപിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കാണാന്‍ പരാതിക്കാരായ നിക്ഷേപകര്‍. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുന്‍ എം.എല്‍.എ. എം.സി.കമറുദീന്‍ പണം തിരികെ നല്‍കാന്‍ മുന്‍കയ്യെടുക്കുന്നില്ലെന്നും പരാതി. പ്രധാന പ്രതിയായ പൂക്കോയ തങ്ങളെ ഇതുവരെയും പിടികൂടാത്തത് അന്വേഷണസംഘത്തിന്‍റെ വീഴ്ചയായാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. 

അന്വേഷണം ഊര്‍ജിതമാക്കണമെന്നും അനിയന്ത്രിത നിക്ഷേപ നിരോധന നിയമ പ്രകാരം കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം. ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. കമറുദീന്‍റെ അറസ്റ്റിനപ്പുറം കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്തതില്‍ നിക്ഷേപകര്‍ നിരാശയിലാണ്. ഇതോടെയാണ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ പരാതിക്കാര്‍ തീരുമാനിച്ചത്. ജ്വല്ലറിയുെട പേരിലുണ്ടായിരുന്ന ആസ്തികള്‍ വ്യാപകമായി വിറ്റഴിച്ചതായും നിക്ഷേപകര്‍ക്ക് സംശയമുണ്ട്. 

പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നിക്ഷേപകര്‍ക്ക് തുണയായ 2019ലെ അനിയന്ത്രിത നിക്ഷേപ നിരോധന നിയമം ഫാഷന്‍ ഗോള്‍ഡിലും പ്രയോജനപ്പെടുത്തണം. പരാതി പരിഹാരത്തിന് മാത്രമായി ഒരു പ്രത്യേക കോടതി വേണം. ജില്ലാ കലക്ടറെ പ്രത്യേക അധികാരിയായി നിശ്ചയിക്കുകയും വേണം. ഇതാണ് പരാതിക്കാരുടെ പ്രധാന ആവശ്യം. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനും നിക്ഷേപകര്‍ക്ക് പദ്ധതിയുണ്ട്.