തോട്ടങ്ങളിൽ പഴവർഗങ്ങളുടെ കൃഷി; നടപ്പാകുന്നത് കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യം

തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പാകുന്നത് തോട്ടം മേഖലയുടെ വളരെക്കാലമായുള്ള ആവശ്യം. കോവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവല്‍കരണം ആവശ്യമാണെന്നാണ് ബജറ്റ് വിലയിരുത്തല്‍. ആറുമാസം കൊണ്ട് വകുപ്പുകള്‍ മുന്‍കൈയെടുത്ത് നയം രൂപീകരിക്കും. പദ്ധതി നടപ്പാക്കാന്‍ രണ്ടു കോടി രൂപയും അനുവദിച്ചു.

കേരളത്തിന്റെ മൊത്തം കാര്‍ഷിക വിസ്തൃതിയുടെ 27.5 ശതമാനം തോട്ടം മേഖലയാണ്. റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ തോട്ടങ്ങളിലായി മൂന്നര ലക്ഷം തൊഴിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. എന്നാൽ, ഉയർന്ന കൃഷിചെലവും  ഉല്‍പന്നങ്ങളുടെ വിലയിടിവും തോട്ടങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാമാറ്റവും ഉൽപാദനം ഗണ്യമായി കുറച്ചു . ഈ സാഹചര്യത്തിലാണ്  പഴവര്‍ഗങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം അനുവദിക്കണമെന്ന വാദം ശക്തമായത്. 

വർഷത്തിൽ ഒൻപതു മാസവും പഴങ്ങളുടെ ഉൽപാദനം നടത്താൻ യോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. റമ്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി ഉയർന്ന മൂല്യമുള്ള പഴങ്ങൾ വരെ ഇനി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനാകും. തോട്ടവിളകളുടെ വൈവിധ്യവല്‍കരണമെന്ന ബജറ്റ് പ്രഖ്യാപനം ഈ മേഖലയ്ക്ക് ഉണര്‍വാകുമെന്നാണ് കര്‍ഷകരുടെയും വിലയിരുത്തല്‍. ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമിയിൽ മറ്റു വിളകൾ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാനുള്ള നിയമപരിരക്ഷ ഇല്ലാതാകും. അതിനാൽ ഈ നിയമത്തിന്റെ അന്തഃസത്ത നിലനിർത്തിയുള്ള ഭേദഗതിയാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്.