ഒരുങ്ങുന്നു 2000 ഓക്സിജൻ ബെഡുകൾ; കൊല്ലത്ത് ആശ്വാസം

കോവിഡ് രോഗികള്‍ കുതിച്ചു ഉയരുമ്പോള്‍ കൊല്ലം ജില്ലക്കാര്‍ക്ക് ഒരു  ചെറിയ ആശ്വാസ വാര്‍ത്ത. പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലും ജില്ലാ പഞ്ചായത്തും സംസ്ഥാന സർക്കാരും ചേര്‍ന്നു രണ്ടായിരം ഓക്സിജൻ ബെഡുകൾ സജ്ജീകരിക്കുകയാണ്.

ആശുപത്രികളും CFLTC കളുമൊക്കെ നിറഞ്ഞിരിക്കുകയാണ്. രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചാല്‍ ഓക്സിജന്‍ സിലണ്ടറിനും വെന്റിലേറ്ററിനുമൊക്കെ ക്ഷാമമുണ്ടാകും. അത് മുന്‍കൂട്ടി കണ്ടാണ് ചവറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും, കോളജിലും ഗേൾസ് സ്കൂളിന്റെ ഗ്രൗണ്ടിലുമായി ചികില്‍സാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 370 കിടക്കകളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 1600 എണ്ണവും ഒരുക്കും.

പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് ആശുപത്രി തയാറാക്കുന്നത്. രോഗികള്‍ക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് ഒരുക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ആലപ്പുഴ ജില്ലക്കാരെയും ചവറയിലെ ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.