വൈക്കോലിൽ വിസ്മയം തീർത്ത് രാജേന്ദ്രൻ: കോവിഡ് കാലത്തെ കരവിരുത്

കഷ്ടതകള്‍ക്കിടയിലും കരകൗശലതയുടെ വസന്തം സൃഷ്ടിച്ചിട്ടുണ്ട് കോവിഡ് കാലം മലയാളികളില്‍. ആലപ്പുഴ മാരാരിക്കുളം സ്വദേശി രാജേന്ദ്രന്‍ ആ ഗണത്തിലെ മറ്റൊരു കലാകാരനാണ്. സബ് ഇന്‍സ്പെടറായി വിരമിച്ച രാജേന്ദ്രന്‍ കോവിഡ് കാലത്ത് വരച്ചുണ്ടാക്കിയത് സാധാരണ ചിത്രങ്ങളല്ല, വൈക്കോല്‍ ചിത്രങ്ങളാണ് 

വൈക്കോല്‍ കൊണ്ട് ഇത്രയേറെ ചിത്രങ്ങള്‍ വരയ്ക്കാന്‍ പൊലീസുകാരന്റെ പഴയ കാര്‍ക്കശ്യം കൊണ്ടാവില്ല. ക്ഷമവേണം, സൂക്ഷ്മതയും സമയവും വേണം. കോവിഡ്കാലത്ത് ഇതെല്ലാം ഒത്തുവന്നപ്പോള്‍ നാല്‍പതോളം ചിത്രങ്ങള്‍ പിറന്നു. കൃത്രിമനിറങ്ങള്‍ ഉപയോഗിച്ചിട്ടില്ല. വൈക്കോലിന്റെ സ്വാഭാവിക നിറങ്ങളാണ് ഷെയ്ഡ് ഒരുക്കിയത്. നൂലുകനത്തില്‍ വൈക്കോലുകള്‍ വെട്ടിയെടുത്താണ് കൃഷ്ണനും രാധയും ശിവനും ബുദ്ധനുമെല്ലാം പിറന്നത്. 

35 വര്‍ഷത്തെ പൊലീസ് സര്‍വീസിനിടെ ഇതിനൊന്നും സമയം കിട്ടിയിരുന്നില്ല. 2018 ലാണ് വിരമിച്ചത്. ഒരു അപകടംപറ്റി വീട്ടിലേക്ക് ഒതുങ്ങിയപ്പോഴാണ് ഉള്ളിലെ കലാകാരന്‍ പുറത്തുചാടിയത്. കുട്ടനാട്ടില്‍നിന്നാണ് വൈക്കോല്‍ ശേഖരിക്കുന്നത്. കാര്‍ഡ് ബോര്‍ഡില്‍ കറുപ്പ് തുണി ഒട്ടിച്ച് കാന്‍വാസ് ഒരുക്കും. അതില്‍ ചിത്രംവരച്ച ശേഷമാണ് വൈക്കോല്‍ കൊണ്ടുള്ള മോടികൂട്ടല്‍. ലോക്ഡൗണെല്ലാം കഴിഞ്ഞ് ഒരു പ്രദര്‍ശനം ഒരുക്കാനാണ് കലാകാരന്റെ തീരുമാനം