ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ്; നേതൃത്വവും പ്രതിസന്ധിയിൽ

കോൺഗ്രസിനെയും പിന്തുണ നൽകിയ പ്രവർത്തകരേയും അപമാനിക്കുംവിധമുള്ള ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധമുയർത്തി തവനൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയെ സ്ഥാനാർഥി തള്ളിപ്പറഞ്ഞത് 

കോൺഗ്രസ് നേതൃത്വത്തേയും പ്രതിസന്ധിയിലാക്കി.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ നടത്തിയ പ്രസ്താവന കോൺഗ്രസിനെയാകെ 

അപമാനിക്കുന്നതാണന്ന വികാരമാണ് പ്രവർത്തകർ പങ്കുവച്ചത്. താൻ കോൺഗ്രസ് അല്ലെന്നും ലീഗ് അനുഭാവിയാണന്നും കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച തിരഞ്ഞെടുപ്പ്‌ ചൂട് ആറും മുൻപെ വിളിച്ചു പറഞ്ഞതാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിന് സീറ്റ് നൽകുന്നതിനെ ജില്ലയിലെ തല മുതിർന്ന കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. എന്നിട്ടും ഫിറോസിനെ സ്ഥാനാർഥിയാക്കണമെന്ന് വാശി പിടിച്ചവരെ 

പ്രതിക്കൂട്ടിലാക്കും വിധമായി ഫിറോസിൻ്റെ പ്രസ്താവന എന്നാണ് ചില മുതിർന്ന നേതാക്കൾക്കൊപ്പം യൂത്തുകോൺഗ്രസിൻ്റേയും അഭിപ്രായം. പല്ലി വാൽ മുറിച്ചു രക്ഷപ്പെടുംപോലെയായി ഒരു മാസത്തോളം ഒപ്പം പ്രവർത്തിച്ച സ്ഥാനാർഥിയുടെ  പെരുമാറ്റമെന്ന് യൂത്തുകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി 

ഇ.പി. രാജീവ് വ്യക്തമാക്കി. ദിവസങ്ങൾക്കകം സ്വന്തം നിലപാട് മാറ്റി മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കുന്നത് സ്വന്തം ലക്ഷ്യങ്ങൾക്കു വേണ്ടിയാണന്നും ആക്ഷേപമുയർന്നു. എന്നാൽ ഫിറോസിനെ നിർബന്ധിച്ചാണ് സ്ഥാനാർഥിയാക്കിയതെന്നും എതിക്കാനില്ലെന്നുമുള്ള നിലപാടുമായി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും രംഗത്തുണ്ട്.