ആരോഗ്യപ്രവർത്തകർ കുറയുന്നു; കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിൽ

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രതിസന്ധിയിൽ . ആരോഗ്യ പ്രവർത്തകരുടെ കുറവ് കാരണം  ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താനാവാത്ത സ്ഥിതിയാണ്.  

കോവിഡ് കണക്ക് നിയന്ത്രണം വിട്ട് കുതിക്കുമ്പോൾ  കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക്  വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്താനാകാത്തതാണ് ആരോഗ്യ വിഭാഗത്തെ പ്രതിസന്ധിയിലാക്കുന്നത്. കൂടുതൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വൈദഗ്ധ്യമുള്ളവരെ കണ്ടെത്താൻ കഴിയുന്നില്ല.  സർക്കാർ ആശുപത്രികളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും ആൾ ക്ഷാമം രൂക്ഷമാണ്. എറണാകുളത്ത് ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രമുൾപ്പെടെ പല ആശുപത്രികളും ആവശ്യമായതിന്റെ മൂന്നിലൊന്നു ജീവനക്കാരുമായാണു പ്രവർത്തിക്കുന്നത്. ഇത് കാരണം ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താനാവാത്ത സ്ഥിതിയാണ്.സാധാരണ ഐസിയുവിനേക്കാൾ നാലു മടങ്ങോളം കൂടുതൽ ജീവനക്കാർ കോവിഡ് ഐസിയുവിന് ആവശ്യമാണ്.  പിപിഇ കിറ്റ് ധരിച്ചു പരമാവധി 4 മണിക്കൂറാണു ഡ്യൂട്ടി ചെയ്യാനാകുക. അതുകൊണ്ടു തന്നെ കൂടുതൽ ജീവനക്കാർ വേണം. കോവിഡ് ആദ്യ തരംഗമുണ്ടായപ്പോൾ വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ മികച്ച ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികൾ കേരളത്തിൽ നിന്നാണു പ്രധാനമായും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും നിയമിച്ചത്. താൽക്കാലികമായി ജോലി ചെയ്തിരുന്ന നഴ്സുമാരിൽ ഭൂരിഭാഗവും ഇത്തരത്തിൽ വിദേശ രാജ്യങ്ങളിലെ ജോലി സ്വീകരിച്ചു.        

ഇതു കാരണം വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇപ്പോൾ നേരിടുന്നത്. സർക്കാർ ആശുപത്രികളെല്ലാം നഴ്സുമാരെയും ശുചീകരണ ജീവനക്കാരെയും താൽക്കാലികമായി നിയമിക്കാനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നുണ്ട്. എന്നാൽ കുറച്ചു പേർ മാത്രമാണ് അഭിമുഖത്തിനെത്തുന്നത്. വൈദഗ്ധ്യമുള്ളവർ അഭിമുഖത്തിനെത്തുന്നില്ലെന്നതും പരിമിതിയാണ്.സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ കൂടുതലായി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുന്നുണ്ട്. എന്നാൽ, ഐസിയു, വെന്റിലേറ്റർ എന്നിവയിൽ പ്രവർത്തി പരിചയമുള്ള ജീവനക്കാർ മതിയായ തോതിൽ ലഭ്യമല്ലാത്തത് സ്വകാര്യ ആശുപത്രികളിലും കോവി ഡ് ചികിത്സയിൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.