ലോക വൃക്ക ദിനാചരണം; രോഗീക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി

ലോക വൃക്ക ദിനത്തില്‍ രോഗീക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങളുമായി കിഡ്നി വാരിയേഴ്സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും. ബ്രൈറ്റ് സ്റ്റാര്‍ അവാര്‍ഡുകള്‍ക്ക് മേളം ചാരിറ്റി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ അര്‍ഹനായി. റിട്ടയേര്‍ഡ് ജസ്റ്റിസ് ബി.കെമാല്‍ പാഷ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

അവയവദാനത്തിലൂടെ ജീവന്‍ പകര്‍ന്നവരുടെയും ജീവന്‍ തിരിച്ചു പിടിച്ചവരുടെയും കൂട്ടായ്മയെന്ന നിലയിലാണ് ലോക വൃക്ക ദിനാചരണം കൊച്ചിയില്‍ സംഘടിപ്പിച്ചത്. സ്വജീവനെക്കുറിച്ച് ചിന്ത വരുമ്പോള്‍ മാത്രമാണ് മതനിരപേക്ഷത കാണാനാകുന്നതെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ പറഞ്ഞു. സാഹോദര്യത്തിന്റെ യഥാര്‍ഥ അര്‍ഥം മനസിലാക്കാന്‍ സാധിക്കുന്നതും ഇത്തരം വേദികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവയവദാനത്തിന് തയാറായവര്‍ക്കും, വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കിഡ്നി വാരിയേഴ്സ് ഫൗണ്ടേഷന്‍റെയും കിഡ്നി ഫൗണ്ടേഷന്‍റെയും സംയുക്ത അവാര്‍ഡുകള്‍ക്കുപുറമേ, ഡോ. ബി.ആര്‍.അംബേദ്ക്കര്‍ ട്രസ്റ്റ് അവാര്‍ഡ്, ജി.കെ.എഫ് ചാരിറ്റി അവാര്‍ഡുകള്‍, സ്ത്രീശാക്തീകരണ അവാര്‍ഡ് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.