പാർട്ടി ബോർഡുകള്‍ സ്വന്തം നിലയിൽ നീക്കിയില്ല; അതും ഉദ്യോഗസ്ഥർ ഏറ്റെടുത്തു

നിയന്ത്രിത മേഖലയില്‍ മുന്നറിയിപ്പ് അവഗണിച്ച് സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. സമയം നല്‍കിയിട്ടും സ്വന്തംനിലയില്‍ നീക്കാത്തവയാണ് നടപടിക്ക് വിധേയമാക്കിയത്. കോഴിക്കോട് കക്കോടിയില്‍ മാത്രം അന്‍പതിലധികം ഫ്ളക്സുകളും ബാനറുകളുമാണ് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രത്യേക സംഘം നീക്കിയത്. 

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും ബോര്‍ഡുകള്‍ വരെ നീക്കം ചെയ്തവയിലുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉദ്യോഗസ്ഥര്‍ നാല് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും നേതാക്കള്‍ സഹകരിച്ചു. സ്വന്തംനിലയില്‍ പലരും കൊടി തോരണങ്ങള്‍ ഉള്‍പ്പെടെ നീക്കി. പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മറ്റ് പ്രചരണ ബോര്‍ഡുകളും വികസന നേട്ടങ്ങള്‍ വ്യക്തമാക്കിയുള്ള ഫ്ളക്സുകളുമാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘം നീക്കിയത്. കൃത്യമായി ഇവ വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ തല്‍സമയം കലക്ടര്‍മാര്‍ക്ക് നിരീക്ഷിക്കാന്‍ വിജില്‍ ആപ്പ് വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. 

ഓരോ പഞ്ചായത്തിലും ഇരുപത്തി നാല് മണിക്കൂറും ഉദ്യോഗസ്ഥരുടെ രണ്ട് സംഘമാണ് നിരീക്ഷണത്തിലുണ്ടാകുക. പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം കള്ളപ്പണം, ലഹരികടത്ത് തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ ഭാഗമാണ്.