സൗത്തിലും വള്ളിക്കുന്നിലും തീരുമാനമായി; ഐഎൻഎൽ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക്

ഐഎന്‍എലിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേയ്ക്ക്. കിട്ടിയ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 

കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട്. ഈ മൂന്ന് സീറ്റുകളാണ് ഐഎന്‍എലിനുള്ളത്. കോഴിക്കോട് സൗത്തില്‍ ദേശിയ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ സ്ഥാനാര്‍ഥിയാകും. 2016ല്‍ കോഴിക്കോട് സൗത്തില്‍ മല്‍സരിച്ച ഐഎന്‍എല്‍ സംസ്ഥാന പ്രസി‍ഡന്‍റ് എ.പി. അബ്ദുല്‍ വഹാബ് ജന്മനാടായ വള്ളിക്കുന്നിലാകും ജനവിധി തേടുക. കാസര്‍കോടിന്‍റെ കാര്യത്തിലാണ് ഇതുവരെ തീരുമാനമാകാത്തത്. ജില്ലാകമ്മറ്റിയില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍  ധാരണയിലെത്തും. കാസര്‍കോട് സ്ഥാനാര്‍ഥിയെ കൂടി നിശ്ചയിച്ച ശേഷം ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.