റോഡിന് അപാകതയെന്ന് കണ്ടെത്തൽ; ബാരിക്കേഡുകൾ സ്ഥാപിച്ചു; എളംകുളത്ത് ആശ്വാസം

കൊച്ചി എളംകുളത്തെ അപകട വളവില്‍ ട്രാഫിക് പൊലീസ് ഫൈബര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. രാത്രിയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഇവിടെ നാറ്റ്പാക് സംഘം നടത്തിയ പരിശോധനയില്‍  റോഡിന് അപാകതയുള്ളതായി കണ്ടെത്തി. 

എട്ട് മാസം ഒന്‍പത് മരണം. എളംകുളത്തെ കുരുതികളത്തില്‍ ഇനിയാര്‍ക്കും വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപെടാതിരിക്കാനാണ് ഈ ബാരിക്കേഡുകള്‍. പതിനാറ് ബാരിക്കേഡുകള്‍ ദിവസവും രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ എളംകുളത്തെ അപകട വളവിലുണ്ടാകും. സ്ഥലത്ത് അമിതവേഗം തടയുകയാണ് ലക്ഷ്യം.  രാത്രി ആറ് പൊലീസുകാര്‍ വീതം സ്ഥലത്ത് പരിശോധനയ്ക്കുമുണ്ടാകും

അതേസമയം സ്ഥിരം അപകട മേഖലയായ ഇവിടെ പരിശോധന നടത്തി. പൊലീസും, മോട്ടര്‍ വാഹന വകുപ്പും, കെ.എംആര്‍.എല്‍ ഉദ്യോഗസ്ഥരും, കോര്‍പ്പറേഷന്‍ അധികൃതരും പരിശോധനയില്‍ പങ്കെടുത്തു. റോഡില്‍ അപാകതകളുള്ളതായി നാറ്റ്പാക് പരിശോധനയില്‍ വ്യക്തമായി. അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗമാണോ എന്ന് പരിശോധിക്കാന്‍ സ്ഥലത്ത് വേഗം നിര്‍ണയിക്കാനുള്ള കാമറ സ്ഥാപിക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.