39 തൊഴിലാളികളുടെ ജീവിതസമരം നൂറുദിനം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ സർക്കാർ

താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍, കോവിഡ് കാലത്ത് കാരണമില്ലാതെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ മടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന നിരാഹാര സമരം 103ാം ദിവസത്തേക്ക് കടന്നു.  

മെഡിക്കല്‍ കോളജില്‍ നിന്ന് ഏഴ് മാസ് മുമ്പ് പിരിച്ചുവിട്ട 39 തൊഴിലാളികളുടെ ജീവിതസമരം നൂറുദിനം പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. 3 മുതല്‍ 26 വര്‍ഷം വരെ ശുചീകരണ ജോലി ചെയ്ത 39 പേര്‍ക്കാണ് ഒരു സുപ്രഭാതത്തില്‍ ജോലി ഇല്ലാതായത്. കോവിഡ് കാലത്ത് മാത്രമല്ല നിപ്പ, എച്ച് വണ്‍ എന്‍ വണ്‍ എന്നീ മഹാമാരി കാലങ്ങളിലെല്ലാം കൂടെനിന്നവരാണിവര്‍. 

ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ കാണാനുള്ള കാത്തിരിപ്പാണിത്. പൊലിസ് തടഞ്ഞതിനാല്‍ അകത്ത് കയറാനായില്ല. അതിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. പുറത്തേയ്ക്കിറങ്ങിയ മന്ത്രി തൊഴിലാളികളെ കാണാന്‍ കൂട്ടാക്കാതെ മടങ്ങി.