സമരക്കാരെ അവഹേളിച്ച് പോസ്റ്റ്; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പിന്‍വാതില്‍ നിയമനത്തിനെതിരായ സമരക്കാരെ അവഹേളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കുന്നംകുളം നഗരസഭാ സെക്രട്ടറിയെ കോണ്‍ഗ്രസ്, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. സെക്രട്ടറിയെ സസ്പെന്‍‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.  

കുന്നംകുളം നഗരസഭയില്‍ ഈയിടെ ചുമതലയേറ്റ സെക്രട്ടറിയാണ് ഉദ്യോഗാര്‍ഥികളുടെ സമരത്തെ അപമാനിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ടത്. പ്രതിഷേധം ഉയര്‍ന്നിട്ടും പോസ്റ്റ് പിന്‍വലിച്ചില്ല. ഇതോടെ പ്രതിഷേധമായി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസിനു മുമ്പില്‍ പ്രതിഷേധം നടത്തി. ബി.ജെ.പി. കൗണ്‍സിര്‍മാരാകട്ടെ സെക്രട്ടറിയുടെ ഓഫിസിനു മുമ്പിലാണ് സമരം നടത്തിയത്. 

കോണ്‍ഗ്രസ് അനുഭാവിയായ നഗരസഭാ ജീവനക്കാരനെ ഫെയ്സ്ബുക് പോസ്റ്റിന്‍റെ പേരില്‍ കഴിഞ്ഞ സി.പി.എം. ഭരണസമിതി സ്ഥലംമാറ്റിയിരുന്നു. ഇപ്പോഴത്തെ സി.പി.എം. ഭരണസമിതി നഗരസഭ സെക്രട്ടറിെയ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. സെക്രട്ടറിയെ സ്ഥലംമാറ്റുന്നതു വരെ പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.