രണ്ടു വര്‍ഷത്തോളമായി ശമ്പളം ഇല്ല; അധ്യാപകര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു

രണ്ടു വര്‍ഷത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. കണ്ണൂര്‍ പരിയാരം പബ്ലിക് സ്കൂളിലെ അധ്യാപകരാണ് സര്‍ക്കാര്‍ സമീപനത്തിനെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ചത്.

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ ഭാഗമായുള്ള പരിയാരം പബ്ലിക് സ്കൂളിലെ പത്തൊമ്പത് അധ്യാപകരും മറ്റ് മൂന്നു ജീവനക്കാരുമാണ് സമരത്തിനിറങ്ങിയത്. രണ്ട് വര്‍ഷമായി ശമ്പളമില്ല.  ആശുപത്രിയില്‍ പോകാന്‍ പോലും പണമില്ല. ദിവസ വേതനം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. മെഡിക്കല്‍ കോളജിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നില്ലെന്നും അധ്യാപകരെ അവഗണിക്കുകയാണെന്നുമാണ് ആരോപണം. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് അധ്യാപകര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചത്.

800 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.