മുറിവേറ്റ് കിടന്നപ്പോൾ ജീവൻ രക്ഷിച്ചു; ഇന്ന് വിളി കേട്ടാൽ പറന്നെത്തും; അപൂർവ സൗഹൃദം

പരിക്കേറ്റു വീണ പരുന്തിനെ പരിചരിച്ച്  കൂടെക്കൂട്ടിയ ഒരു മെക്കാനിക്കല്‍ എന്‍ജീനീയറുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് തേഞ്ഞിപ്പലത്ത്. കോവിഡ് കാലത്ത് കൃഷിക്കാരനായ യുവ എന്‍ജിനീയര്‍ നീരജ് കോളേരിക്ക്  പശുവും കോഴിയും പിന്നെ പരുന്തുമാണ് മുറ്റത്തെ കളിക്കൂട്ടുകാര്‍.  

നീരജിന്റെ വിളികേട്ടാല്‍ അവന്‍ പറന്നെത്തും. കാക്കകള്‍ കൊത്തിവലിച്ച് ചിറകൊടിഞ്ഞ് റോഡില്‍ കിടന്ന ഇവനെ ഇങ്ങിനെ പറക്കമുറ്റെ വളര്‍ത്തിയെടുത്തത് നീരജാണ്. ഇപ്പോള്‍ എത്ര ഉയരത്തിലും പറക്കാം, ഏതാകാശത്തും ഇരതേടിയിറങ്ങാം.  പക്ഷെ തന്റെ പ്രാണന്‍ കാത്ത നീരജിനെ വിട്ട് ഇവനിപ്പോള്‍ മറ്റൊരാകാശമില്ല.

മുറ്റത്ത് കുറെ നാടന്‍കോഴികളെ വളര്‍ത്തുന്നുണ്ട്. അതിലെ കുഞ്ഞുങ്ങളെ കാക്കയും പരുന്തും റാഞ്ചാതെ കാവല്‍നില്‍ക്കുന്നതും ഈ പരുന്താണത്രേ. മെക്കാനിക്കല്‍ എന്‍ജീനീയറിങ് പാസായെങ്കിലും പശുവും പാടവും കൃഷിയുമൊക്കെയാണ് നീരജിനിഷ്ടം ഒപ്പം ഈ പരുന്തിന്റെ കൂട്ടും.