വാര്‍ത്ത തുണച്ചു; ഇടപെട്ട് നഗരസഭ; വളന്തക്കാട് പാലം നിര്‍മാണം പുനരാരംഭിച്ചു

കൊച്ചി വളന്തക്കാട് ദ്വീപ് നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലം നിര്‍മാണം പുനരാരംഭിച്ചു.  നാല് മാസം മുന്‍പ് നിലച്ച വളന്തകാട് പാലം പണി മരട് നഗരസഭ പുനരാരംഭിച്ചു. ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നിലച്ചതിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭയുടെ ഇടപെടല്‍.  

വളന്തക്കാട് ദ്വീപ് നിവാസികള്‍ക്ക് ആശ്വാസംപാലം നിര്‍മാണം പുനരാരംഭിച്ചു ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം മരട് നഗരസഭ ഇടപെട്ടു 2019 ഫെബ്രുവരിയിലാണ് വളന്തക്കാട് പാലം പണി തുടങ്ങിയത്. രണ്ട് വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങിയ നിര്മാണ പ്രവര്‍ത്തനം പിയര്‍ ക്യാംപുകള്‍ സ്ഥാപിച്ച ശേഷം പൂര്‍ണമായും നിലച്ചു. ഒന്നരവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ പണ്ട് നല്‍കിയ വാഗ്ദാനം. എന്നാല്‍ നിര്‍മാണം മുടങ്ങിയതിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയോടെ വിഷയത്തില്‍ പുതിയ ഭരണസമിതി ഇടപെട്ടു. 

പണി വീണ്ടും തുടങ്ങിയപ്പോള്‍ തുരുമ്പെടുത്ത പഴയ കമ്പികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുക്കാര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് പുതിയ കമ്പികള്‍ നല്‍കാമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പാലം പെട്ടെന്ന് തന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികള്‍