ചാലക്കുടി അടിപ്പാത നിര്‍മാണം ഇഴയുന്നു; പ്രതിഷേധം ശക്തം

ചാലക്കുടി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന് എതിരെ പ്രതിഷേധം ശക്തം. അടിപ്പാതയ്ക്കു അനുമതി നല്‍കിയിട്ട് പത്തുവര്‍ഷം പിന്നിട്ടു. ഇനിയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.

 ചാലക്കുടി ദേശീയപാതയിലൂടെ കടന്നുപോകുന്ന ഓരോ വാഹനങ്ങളും നഗരസഭാ ജംക്ഷനിലെ കുരുക്കിലകപ്പെടുക പതിവാണ്. രണ്ടു വര്‍ഷമായി അടിപ്പാത നിര്‍മാണം തുടങ്ങിയിട്ട്. അനുമതി കിട്ടിയിട്ട് പത്തുവര്‍ഷവും. നിര്‍മാണം ഇങ്ങനെ വൈകിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് ആരോപിച്ചായിരുന്നു 

നഗരസഭാ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. യു.ഡി.എഫ്., എന്‍.ഡി.എ. പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. പക്ഷേ, എല്‍.ഡി.എഫ് പ്രതിനിധികള്‍ വിട്ടുനിന്നു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ബി.കെമാല്‍പാഷ സമരം ഉദ്ഘാടനം ചെയ്തു.

അടിപ്പാത നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെതിരെ പ്രതിഷേധം ശക്തമാണ്. ചുരുക്കം തൊഴിലാളികളെ മാത്രമാണ് ജോലിക്കു നിയോഗിച്ചിട്ടുള്ളത്. 

ദേശീയപാതയുടെ ഒരുവശം പൂര്‍ണമായും കൊട്ടിയടച്ചാണ് നിര്‍മാണം തുടങ്ങിയത്. നൂറുമീറ്റര്‍ ദൂരം ഒറ്റവരിയായി വേണം വാഹനങ്ങള്‍ക്കു കടന്നുപോകാന്‍. 

രാവിലേയും വൈകിട്ടും തിരക്ക് രൂക്ഷമാകുന്ന സമയത്ത് ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇതിനെല്ലാം, പുറമെ റോഡ് കുറുകെ കടക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. പതിനെട്ടുപേരുടെ ജീവനാണ് നഗരസഭാ ജംക്ഷനിലെ അപകടങ്ങളില്‍ പൊലിഞ്ഞത്. അടിപ്പാത നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.