'അപകടം കണ്ടു, പേടി കാരണം നിർത്തിയില്ല'; അമ്മയുടേയും മകളുടേയും മൊഴി

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞു. ഒരുമാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയില്‍ തട്ടി പ്രദീപിന്റെ സ്കൂട്ടര്‍ മറിയുന്നത് കണ്ടതായി ദൃക്സാക്ഷികളായ ഇരുവരും മൊഴി നല്‍കി.  

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ച് ലോറിയിടിച്ചാണ് പ്രദീപിന്റെ മരണം. അപകടം ആസൂത്രിതമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോപിക്കുമ്പോഴും സ്വാഭാവികമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അപകട സമയത്ത് പ്രദീപിന്റെ സ്കൂട്ടറിന്റെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂട്ടര്‍ ദുരൂഹതയുണര്‍ത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മൂന്ന് കിലോമീറ്റര്‍ മുന്‍പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന ഈ സ്കൂട്ടര്‍ മുന്‍പിലുണ്ടായിരുന്നതായി കണ്ടെത്തി. വാഹനനമ്പര്‍ വ്യക്തമാകാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല. 

ഒടുവില്‍ പൊലീസ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയതോടെ സ്കൂട്ടര്‍ യാത്രക്കാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഇരുമ്പില്‍ താമസിക്കുന്ന അമ്മയും മകളുമാണ് അത്. തിരുവനന്തപുരത്തെത്തിയ ശേഷം അവര്‍ തിരികെ വീട്ടിലേക്ക് പോവുകയാരിന്നു. പ്രദീപിന്റെ വാഹനം അപകടത്തില്‍പെടുന്നത് കണ്ടതായി പിന്‍സീറ്റിലിരുന്ന മകള്‍ മൊഴി നല്‍കി. ലോറിയുടെ സൈഡില്‍ തട്ടിയാണ് മറിഞ്ഞതെന്നും പറഞ്ഞു. പക്ഷെ പേടികാരണം ആദ്യം നിര്‍ത്താതെ പോയെന്നും മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം നിര്‍ത്തി നോക്കിയപ്പോഴേക്കും ആളുകൂടിയിരുന്നെന്നുമാണ് മൊഴി. മൊഴിയുടെ വിശ്വാസ്യത ഫോര്‍ട് എ.സി. പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ സംഘം വിലയിരുത്തി വരികയാണ്. ഈ സ്കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റൊരു സ്കൂട്ടര്‍ കൂടി കണ്ടെത്താനുണ്ട്.