വല്ലച്ചിറയിൽ ഒരാസ്വാദക ദ്വീപ്; നാടകാവതരണത്തിനായി ഒരിടം

നാടകം അവതരിപ്പിക്കാന്‍ തൃശൂര്‍ വല്ലച്ചിറയില്‍ ഒരു ദ്വീപ് ഒരുങ്ങുന്നു. നെല്‍പാടത്തിനു നടുവില്‍ ഒരുക്കിയ നാടകദ്വീപില്‍ ഈ വര്‍ഷം പതിനഞ്ചു നാടകങ്ങള്‍ അരങ്ങേറും. 

തൃശൂര്‍ വല്ലച്ചിറ..തൈക്കാട്ടുശേരി റോഡിനു ചേര്‍ന്ന് ചുറ്റും നെല്‍പാടങ്ങള്‍ നിറഞ്ഞ സ്ഥലം. മുപ്പത്തിനാലു സെന്റ് ഭൂമിയില്‍ നാടക ദ്വീപ് ഒരുക്കി. നാടകങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമായി ഒരിടം. രാജ്യത്തിനകത്തും പുറത്തുമുള്ള നാടക കലാകാരന്‍മാര്‍ക്കുള്ള അരങ്ങാണ് തീര്‍ത്തത്. നാടക പ്രതിഭ ജോസ് ചിറമ്മലിന്റെ ഓര്‍മയ്ക്കായാണ് നാടക സംവിധായകന്‍ ശശധിരന്‍ നടുവിലിന്റെ നേതൃത്വത്തില്‍ അരങ്ങുണരുന്നത്. റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപ്പെന്ന കൂട്ടായ്മ ഇനി മുതല്‍ നാടകാസ്വാദകരുടെ മനം കവരുമെന്ന് ഉറപ്പ്. 

പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറി കോളജ് വിദ്യാര്‍ഥികളെ കാല്‍നൂറ്റാണ്ടു കാലം നാടകം പഠിപ്പിച്ചിട്ടുണ്ട് ശശിധരന്‍. അവരുെട കൂടെ സഹായ സഹകരണമാണ് ഈ നാടക ദ്വീപ് നിര്‍മിക്കാന്‍ സഹായിച്ചത്. മഴക്കാലത്ത് ചുറ്റും വെള്ളമായിരിക്കും. മരത്തില്‍ നിര്‍മിച്ച നടപ്പാലമാണ് മുഖ്യആകര്‍ഷകം. ഞായറാഴ്ചയാണ് നാടക ദ്വീപിന്റെ ഉദ്ഘാടനം.