ദേശീയപാത സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമം

കണ്ണൂർ പാപ്പിനിശേരി തുരുത്തിയിൽ ദേശീയപാതയുടെ സർവെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കുന്നെന്ന് ആരോപിച്ച് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധിച്ച സത്രീകളുൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്മതമറിയിച്ചവരുടെ ഭൂമി മാത്രമാണ് ഉദ്യോഗസ്ഥർ പിന്നീട് അളന്നത്.

കണ്ണൂർ വേളാപുരം - പാപ്പിനിശേരി നിർദിഷ്ട ദേശീയ പാതയുടെ സർവെക്കെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഇരുപതോളം വീട്ടുകാരാണ് പ്രതിഷേധവുമായി എത്തിയത്. സർവെ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയപ്പോൾ തുരുത്തിയിലുള്ള രാഹുൽ കൃഷ്ണ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസും നാട്ടുകാരു ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് നീക്കിയതിന് ശേഷമാണ് സർവെ തുടർന്നത്.

ദേശീയ പാതയുടെ അലെൻമെന്റ് അശാസ്ത്രീയമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. എതിർക്കുന്നവരുടെ ഭൂമി അളന്നില്ലെന്നും അടുത്ത മാസം പതിനഞ്ചിനകം സർവെ നടപടികൾ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.