ഭാര്യയെ വെടിവെച്ച് കൊന്ന് ബിജെപി നേതാവ് ജീവനൊടുക്കി

ബിഹാറിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ബി.ജെ.പി നേതാവ് ആത്മഹത്യ ചെയ്തു. മുൻഗർ ജില്ലയിലെ ലാൽ ദർവാസ പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന അരുൺ കുമാർ എന്ന ബഡാ ബാബുവാണ് ഭാര്യയായ 45കാരി പ്രീതികുമാരിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടൻ തോക്കുകളും പൊലീസ് കണ്ടെടുത്തു.

കുടുംബപ്രശ്നങ്ങളുടെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വീടിന്‍റെ രണ്ടാം നിലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് തവണ വെടിയുതിർക്കുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തിയെങ്കിലും ദമ്പതികൾ മുറി പൂട്ടിയിരുന്നുവെന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും കോട്വാലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ധീരേന്ദ്രകുമാർ പറഞ്ഞു.