വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതിനെതിരെ കോഴിക്കോട് ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് മണ്ണെണ്ണ പിടിച്ചുവാങ്ങിയതിനാല്‍ അപകടം ഒഴിവായി. എന്നാല്‍ ഭൂമി അളന്നതില്‍ തെറ്റില്ലെന്നും പരാതി അടിസ്ഥാന രഹിതമാണെന്നും കൊയിലാണ്ടി തഹസീല്‍ദാര്‍ പറഞ്ഞു   മുതുകാട് പൊയ്കയില്‍ ജസിയും അമ്മ മേരിയുമാണ് വില്ലേജ് ഒാഫീസറുടെ മുറിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ വീട്ടിലേക്കുള്ള വഴി താലൂക്ക് സര്‍വേയര്‍ ഇടപെട്ട് മൂന്നുമാസം മുമ്പ് അടച്ചെന്നാണ് പരാതി. വഴിക്ക് അവകാശം ഉന്നയിച്ച് അയല്‍വാസി നല്‍കിയ പരാതിയിലായിരുന്നു നടപടി. സ്ഥലം തങ്ങളുടേതാണന്നും വഴി തുറന്നു തരണമെന്നും ആവശ്യപ്പെട്ട് പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ജസിയും മേരിയും വില്ലേജ് ഒാഫീസില്‍ സമരത്തിനെത്തിയത്. പെരുവണ്ണാമൂഴി പൊലീസെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടെ ബാഗില്‍ കരുതിയിരുന്ന മണ്ണെണ്ണ ജസി ശരീരത്തിലൂടെ ഒഴിക്കുകയാരുന്നു. ഇതോടെ കൊയിലാണ്ടി തഹസീല്‍ദാര്‍  പരാതിക്കാരുടെ സ്ഥലം വീണ്ടും അളന്നു. ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് വില്ലേജ് ഒാഫീസര്‍ ആത്മഹത്യശ്രമം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.