കൊച്ചി ഹാര്‍ബര്‍ പാലത്തിനുമുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവാവ്

മഹാരാജാസ് കോളജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ഹാർബർ പാലത്തിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി. പൊലീസ് കസ്റ്റഡിയിലുള്ള സഹോദരനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾക്ക് പാലത്തിനു മുകളിൽ കയറിയത്. സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാവിലെ എട്ടുമണിയോടെയാണ് ഫോർട്ടുകൊച്ചി സ്വദേശി കമാൽ തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ കയറി നിലയുറപ്പിച്ചത്. മഹാരാജാസ് കോളജിലെ സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരൻ മാലിക്കിനെ വിട്ടുകിട്ടണമെന്നായിരുന്നു ഇയാളുടെ ആവശ്യം. സഹോദരൻ നിരപരാധിയാണെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് നടത്തിയ അനുനയശ്രമത്തിനൊടുവിൽ ഇയാൾ താഴെയിറങ്ങി.

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ-കെ.എസ് യു സംഘർഷത്തിൽ കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ കമാലിനെ ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തു